യഥാര്‍ത്ഥ സുല്‍ത്വാന്‍


സയ്യിദഃ ഷരീഫഃ ലാലഃ മന്നാന ബല്‍ഗീസി(റ), ഫാസിലെ സുപ്രസിദ്ധയായ മജ്ദൂബഃ. അല്‍ ഖുതുബുല്‍ മക്തൂം സയ്യിദുനാ ശൈഖ് തിജാനി(റ)വിനോട് വളരെയധികം മമതയില്‍ വര്‍ത്തിച്ച മഹതി. സാധാരണ ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്ത ആത്മീയലോകത്തെ പല വെളിപാടുകളും സ്ഥിരമായി കണ്ടിരുന്നവരായിരുന്നു ഈ പുണ്യവതി. മൊറോക്കോ രാജാവ് സുല്‍ത്വാന്‍ മൗലായ് സുലൈമാന്‍ അല്‍ മനാഈ(റ) അടക്കം ഫാസിലെ ശ്രദ്ധേയരായ പല വ്യക്തിത്വങ്ങളും ലാലഃ മന്നാനഃ(റ)വുമായി ചര്‍ച്ച നടത്തുക പതിവായിരുന്നു.
ഒരിക്കല്‍ ഫാസിലെ സുപ്രസിദ്ധ മഹാപണ്ഡിതന്‍ സയ്യിദീ അഹ്‍മദ് ബ്‍നു മുഹമ്മദ് അല്‍ ബന്നാനി(റ) ചില വിഷയങ്ങളില്‍ കൂടിയാലോചന നടത്താനായി മഹതിയവര്‍കളുടെ വീട്ടിലേക്ക് കടന്നുവന്നു. ശൈഖ് ബന്നാനി(റ) എന്തെങ്കിലും ഉരിയുടുന്നതിന് മുമ്പ് തന്നെ ലാലഃ മന്നാനഃ(റ) പറഞ്ഞു : "അല്ലയോ സയ്യിദീ അഹ്‍മദ്, നിങ്ങളെന്നോട് കൂടിയാലോചന നടത്താനായി വന്നത് സയ്യിദീ അഹ്‍മദ് തിജാനി(റ)വില്‍ നിന്ന് ത്വരീഖത്ത് സ്വീകരിക്കുന്നതിനെക്കുറിച്ചല്ലേ... എന്റെ ഗുണകാംക്ഷ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ എനിക്ക് പറയാനുള്ളതിതാണ്, എത്രയും വേഗം മഹാനവര്‍കളില്‍ നിന്നും ത്വരീഖത്ത് സ്വീകരിക്കുക. നിശ്ചയം അവര്‍ തന്നെയാണ് സുല്‍ത്വാന്‍".
ഷരീഫഃ ലാലഃ മന്നാനഃ(റ) തുടര്‍ന്നു : "സയ്യിദീ അഹ്‍മദ് തിജാനി(റ)വുമായി ബന്ധപ്പെട്ട് ചില സംഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഞാനെന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അന്നേരം രണ്ട് ദൂതന്മാര്‍ കടന്നുവന്ന് സുല്‍ത്വാനോട് സംസാരിക്കുവാനായി എഴുന്നേറ്റ് തങ്ങളോടൊപ്പം ചെല്ലാനായി സുല്‍ത്വാന്റെ ആജ്ഞയുണ്ടെന്ന് അറിയിച്ചു. മൊറോക്കോ രാജാവ് സുല്‍ത്വാന്‍ മൗലായ് സുലൈമാനെയാണ് അവര്‍ രണ്ടുപേരും ഉദ്ദേശിച്ചതെന്ന് കരുതി ഞാന്‍ അവരോടൊപ്പം പുറപ്പെട്ടു. അങ്ങനെ ഫാസ് കവാടങ്ങളിലൊന്നായ ബാബുല്‍ ഫുതുഹ് കവാടത്തിന് പുറത്തേക്ക് അവരോടൊപ്പം ഞാനുമെത്തിച്ചേര്‍ന്നു. അവിടെ ഞാന്‍ കണ്ടത് ഒരു കൂട്ടം ജനങ്ങള്‍ തമ്പടിച്ചിരിക്കുന്നതാണ്. സുല്‍ത്വാന്‍ സുലൈമാന്‍(റ)വിന്റെ നേതൃത്വത്തിലുള്ള കൂട്ടമാണെന്ന് കരുതി ഞാന്‍ വേഗം സുല്‍ത്വാനെ കാണാനായി തമ്പിനകത്തേക്ക് കടന്നുചെന്നു. പക്ഷെ, അതില്‍ എവിടെയും സുല്‍ത്വാന്‍ സുലൈമാന്‍(റ)വിനെ എനിക്ക് കാണാന്‍ സാധിച്ചില്ല. പകരം സ്വല്‍ത്വാന്‍ സ്ഥാനത്തുണ്ടായിരുന്നത് സയ്യിദീ അഹ്‍മദ് തിജാനി(റ)വായിരുന്നു. ഞാനാദ്യമായിട്ടായിരുന്നു മഹാനവര്‍കളെ കാണുന്നതും. ഞാനാകെ സ്‍തബ്‍ദയായിപ്പോയി. എനിക്കൊന്നും മിണ്ടാന്‍ സാധിച്ചില്ല.
അന്നേരം, സുല്‍ത്വാന്‍ അഹ്‍മദ് തിജാനി(റ) എന്നോട് ഇങ്ങനെ ചോദിച്ചു : "ഈ നഗരത്തില്‍ പ്ലേഗ് ബാധ പടരുന്നതിനെക്കുറിച്ച് നിനക്കെന്താണ് അഭിപ്രായപ്പെടാനുള്ളത്. അതിവിടെ കടന്നേ പറ്റൂ. കാരണം ഇവിടെയുള്ള ജനങ്ങളുടെ സ്വഭാവം നിനക്കറിയില്ലേ.." സയ്യിദുനാ(റ) ഫാസിലെ ജനങ്ങളുടെ കുറെയധികം മോശമായ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി.
അന്നേരം ഞാന്‍ മഹാനരോട് ഇങ്ങനെ മറുപടി പറഞ്ഞു : "സമകാലീനരായ ഔലിയാക്കളാകെയും ഈ വിഷയത്തിന്റെ മേല്‍ ഒരുമിച്ച് കൂടിയിരിക്കെ ഈ മഹാവിപത്തിനെ ചുമക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലായെങ്കില്‍ ജനങ്ങളുടെ മേല്‍ അതിനെ തടയുന്ന ആവരണമിടാന്‍ ഞാന്‍ തയ്യാറാണ്".
അപ്പോള്‍ സയ്യിദുനാ(റ) എന്നോട് ചോദിച്ചു : "അതിന് നിനക്ക് സാധിക്കുമെന്നാണോ നീ പറയുന്നത്, അതിനെ ചുമക്കാന്‍ നിനക്കു കഴിയുമെന്നോ?
ഞാന്‍ വീണ്ടും പറഞ്ഞു : "അതെ, എനിക്കതിന് സാധിക്കും".
അന്നരം സയ്യിദീ അഹ്‍മദ് തിജാനി(റ) എന്നോട് സ്വന്തം സ്ഥലത്തേക്ക് തിരികെ മടങ്ങിക്കൊള്ളുവാന്‍ കല്‍പിച്ചു. ശൈഖവര്‍കളുടെ കല്‍പന പ്രകാരം ഞാന്‍ തിരികെ മടങ്ങി. താമസിയാതെ നഗരത്തിനുള്ളിലേക്ക് ഞാന്‍ പ്രവേശിച്ചു. അപ്പോഴതാ എന്റെ പിറക് വശത്ത് നിന്ന് പീരങ്കിയുണ്ട പൊട്ടുന്ന പോലെയുള്ള അതിഭീകരമായ ഒരു ശബ്‍ദം ഞാന്‍ കേട്ടു. അതെന്റെ പിറകില്‍ വന്ന് പതിക്കുകയും ചെയ്‍തു. അതോടെ ഞാന്‍ മുഖം കുത്തി വീണു പോയി. എനിക്ക് എഴുന്നേല്‍ക്കാനായില്ല. അപ്പോള്‍ ജനങ്ങളെല്ലാം ഓടിക്കൂടി. അവര്‍ ഒരു മഞ്ചല്‍ കൊണ്ട് വന്ന് എന്നെ അതില്‍ കിടത്തി എന്റെ വീട്ടിലേക്ക് എന്നെയും വഹിച്ച് കൊണ്ടു പോയി. ആ സമയത്തൊക്കെയും പീരങ്കിസ്‍ഫോടനത്തിന്റെയും അതിന്റെ ഉണ്ട എന്റെ പിറകില്‍ വന്ന് പതിക്കുന്നതിന്റെയും ഘോരശബ്‍ദം ജനങ്ങളെല്ലാം കേള്‍ക്കുന്നുണ്ട്. ഓരോ വട്ടവും ഇതുണ്ടാകുമ്പോള്‍ ഞാനാകട്ടെ നിലവിളിച്ച് കരയുകയായിരുന്നു. അങ്ങനെ നഗരത്തിന് സംഭവിക്കാനുള്ള ആ മഹാവിപത്ത് ഉയര്‍ത്തപ്പെടുവോളം എന്റെ നില അതീവഗുരുതരമായിത്തന്നെ  തുടര്‍ന്നു..."
മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മോശമായാല്‍ അല്ലാഹു(സു) തന്റെ ഔലിയാക്കളുടെ കരങ്ങളിലൂടെ ഈ ലോകത്തേക്ക് മഹാവിപത്തുകളെ ഇറക്കാറുണ്ടെന്ന് മഹാന്മാരായ ആരിഫീങ്ങളുടെ വചനങ്ങളില്‍ നിന്നും നമുക്ക് ഗ്രഹിക്കാനാകും. പ്രസ്‍തുത വിപത്തുകളെ പിന്നെയാര്‍ക്കും തടയാനാകില്ല. മിക്കവാറും ഔലിയാക്കളുടെ രാജാവായ ഖുതുബിന്റെ കരങ്ങളിലായിരിക്കും അത്തരം വിപത്തുകളുടെ താക്കോലുകളെ അല്ലാഹു(സു) നല്‍കുക. സമകാലികരായ ഔലിയാക്കള്‍ക്ക് പോലും അതിനെ തടയാനാകില്ല. ഇതിന് വലിയൊരു ഉദാഹരണമാണ് സയ്യിദീ അഹ്‍മദ് തിജാനി(റ)വുമായി ബന്ധപ്പെട്ട ഈ സംഭവം. ഷരീഫഃ മന്നാനഃ(റ) അതിനെ തടയാന്‍ ശ്രമിച്ചിട്ട് പോലും അതിന് സാധിക്കാതെ വന്നത് കണ്ടില്ലേ. ഇതിലൂടെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ആത്മീയലോകത്തെ രാജാധിപത്യം മഹതിക്ക് മനസ്സിലായി. പില്‍ക്കാലത്ത് ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദ് തിജാനി(റ) വഫാത്താകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ മഹതി ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി : "നിശ്ചയം, സുല്‍ത്വാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളിലായി മരണപ്പെടുന്നതാണ്". അങ്ങനെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ജനാസയില്‍ ഈ മഹതി പങ്കെടുത്തപ്പോള്‍ ഒരാള്‍ ചോദിച്ചു : "നിങ്ങളല്ലേ പറഞ്ഞത് സുല്‍ത്വാന്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മരണപ്പെടുമെന്ന്". അപ്പോള്‍ മഹതി പ്രതിവചിച്ചു : "അതെ, ഇത് തന്നെയാണ് ആ സുല്‍ത്വാന്‍".

No comments:

Post a Comment