അത്ഭുതവൃത്താന്തങ്ങള്‍



ഔലിയാക്കളുടെ ചരിത്രം വിവരിക്കുമ്പോള്‍ ശ്രദ്ധേയമായൊരു ഭാഗമാണ് ആ മഹാത്മാക്കളില്‍ സംഭവിക്കുന്ന അത്ഭുതസംഭവങ്ങള്‍. പലരും ഔലിയാക്കളുടെ സ്ഥാനമാനങ്ങളെ നിര്‍ണ്ണയിക്കുന്നത് കറാമത്തുകളുടെ മാനദണ്ഡത്തിലാണ്. എന്നാല്‍ കറാമത്തുകളുടെ എണ്ണത്തിന്റെ അടിസ്ഥാന ത്തിലല്ല ഒരു മഹാത്മാവിന്റെ സ്ഥാനത്തെ പരിഗണിക്കേണ്ടത്. മറിച്ച് അവരുടെ ജീവിതവിശുദ്ധിയും പരിശുദ്ധ ശരീഅത്തിനോടുള്ള കണിശതയും തിരുസുന്നത്ത് അനുധാവനം ചെയ്യുന്നതിലുള്ള ശുഷ്‍കാന്തിയുടെയുമൊക്കെ നിറവിലാണ് അവരുടെ സ്ഥാനമാനങ്ങളുടെ മഹത്വം തിരിച്ചറിയേണ്ടത്. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു(സു) പ്രഖ്യാപിച്ചത് പോലെ :
﴿إِنَّ أَكْرَمَكُمْ عِنْدَ اللهِ أَتْقَاكُمْ﴾
"അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ബഹുമാന്യന്‍
നിങ്ങളിലെ ഏറ്റവും ഭക്തനാകുന്നു".
സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ഏറ്റവും വലിയ കറാമത്തും ഇതായിരുന്നു. ജീവിതത്തിലുടനീളം ബാഹ്യമായും ആന്തരികമായും പരിശുദ്ധ ശരീഅതിന്റെ വിധിവിലക്കുകളെ മുറുകെപ്പിടിച്ചു പരിപൂര്‍ണ്ണമായി തിരുനബി തങ്ങളുടെ ചര്യകളെ സകല അനക്കത്തിലും അടക്കത്തിലും അവസ്ഥയിലും പിന്തുടര്‍ന്ന് കൊണ്ട് അടിയാറുകള്‍ക്ക് സത്യപാന്ഥാവിലേക്കുള്ള പ്രയാണത്തിന് വഴികാട്ടിയാകാനുള്ള ഒരു അത്യുന്നതപ്രതിഭയായി അവിടുന്ന് വിരാജിച്ചു. സയ്യിദുനാ(റ)വിന്റെ ബാല്യകാലം മുതലേ ഈ മഹത്തായ കറാമത്ത് പ്രകടമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മഹാനവര്‍കളുടെ മഹോന്നതസ്ഥാനമാനങ്ങള്‍ക്ക് ഇതിലും വലിയൊരു തെളിവിന്റെ ആവശ്യമില്ല. അസൂയാലുക്കള്‍ക്ക് ചൂണ്ടിക്കാട്ടാനായി പരിശുദ്ധ ശരീഅത്തിന് വിരുദ്ധമായ ഒരു ചലനം പോലും അവിടുത്തെ ജീവിതത്തില്‍ കാണിക്കാന്‍ സാധിച്ചിരുന്നില്ലെന്നത് പ്രത്യേകം അടിവരയിടേണ്ടതുണ്ട്.

No comments:

Post a Comment