മനസ്സിലെ ചോദ്യങ്ങള്‍ക്ക് മറുപടി


സയ്യിദീ മുഹമ്മദ് ബ്‍നു ഹിര്‍സില്ലാഹ്(റ) എന്നൊരു മഹാത്മാവ് ഒരിക്കല്‍ സയ്യിദുനാ ശൈഖ് തിജാനി(റ)വിനെ സന്ദര്‍ശിക്കുവാനായി യാത്ര തിരിച്ചു. മൂന്ന് സംശയങ്ങള്‍ക്ക് മഹാനവര്‍കളില്‍ നിന്ന് ഉത്തരം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. രാത്രിസമയത്ത് കൊമ്പ് വെക്കല്‍, ഇടത് കൈ കൊണ്ട് തസ്‍ബീഹ് മാല മറിക്കല്‍, സത്യസന്ധനായ രാജാവിന്റെ വിശേഷണം എന്നിവയായിരുന്നു സംശയങ്ങള്‍.
രാത്രിയായപ്പോഴാണ് സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ വീട്ടിലേക്ക് സയ്യിദീ മുഹമ്മദ് ബ്‍നു ഹിര്‍സില്ലാഹ്(റ) എത്തിച്ചേര്‍ന്നത്. അങ്ങനെ വീട്ടിലേക്ക് പ്രവേശിക്കാന്‍ സമ്മതം ചോദിച്ചു. സമ്മതം ലഭിക്കുകയും ചെയ്‍തു. വീട്ടില്‍ കടന്ന ഉടനെ മഹാനവര്‍കള്‍ കേട്ടത് സയ്യിദുനാ(റ) ഇങ്ങനെ പറയുന്നതായാണ് : "കൊമ്പ് വെക്കാനായി എനിക്ക് വേണ്ടി കൊമ്പ് കൊണ്ട് വരൂ"
ഉടനെ സയ്യിദീ മുഹമ്മദ്(റ) ഇങ്ങനെ മനോഗതം ചെയ്‍തു : "എന്റെ ഒന്നാമത്തെ സംശയത്തിനുള്ള മറുപടിയാണിത് ".
ശേഷം സയ്യിദുനാ(റ) ഇരിക്കുന്ന സ്ഥലത്തേക്ക് സയ്യിദീ മുഹമ്മദ്(റ) കടന്നുചെന്നു. അന്നേരം സയ്യിദുനാ(റ) ഇടത് കൈകൊണ്ട് തസ്ബീഹ് മാല മറിച്ച് ദിക്ര്‍ ചൊല്ലുന്നതായി കണ്ടു. ഉടനെ സയ്യിദീ മുഹമ്മദ്(റ) ഇങ്ങനെ ആത്മഗതം ചെയ്‍തു : "എന്റെ രണ്ടാമത്തെ സംശയത്തിനുള്ള മറുപടിയിതാ".
തുടര്‍ന്ന്, സയ്യിദുനാ തിജാനി(റ)വിനെ അര്‍ഹിക്കുന്ന ബഹുമാനാദരവുകള്‍ നല്‍കി സയ്യിദീ മുഹമ്മദ്(റ) മാഹാനവര്‍കളുടെ മുന്നില്‍ ഉപവിഷ്‍ടനായി. അന്നേരം സയ്യിദുനാ(റ) മഹാനായ ഇമാം മഹ്‍ദി(അ)മിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. പരിശുദ്ധ ശരീഅത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരോട് ഇമാമവര്‍കള്‍ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് സയ്യിദുനാ(റ) വാചാലനായി. അവസാനം ഇങ്ങനെ കൂടി സയ്യിദുനാ(റ) പറഞ്ഞു : "സത്യസന്ധനായ രാജാവ് ആഗതമായാല്‍ പണ്ഡിതന്മാരെയെല്ലാം അദ്ദേഹത്തിന്റെ മുന്നില്‍ ഒരു കുടക്കീഴില്‍ ഒരുമിച്ച് കൂട്ടും. എന്നിട്ട് ഒരൊറ്റ വെട്ടിന് അവരുടെ തല കൊയ്യുകയും ചെയ്യും". (ദുഷ്‍ടപണ്ഡിതന്മാരെയാണിവിടെ വിവക്ഷിക്കപ്പെടുന്നത്)
അങ്ങനെ സയ്യിദീ മുഹമ്മദ് ബ്‍നു ഹിര്‍സില്ലാഹ്(റ)വിന് ചോദിക്കാതെ തന്നെ മൂന്ന് സംശയങ്ങളുടെയും നിവാരണം സയ്യിദുനാ(റ)വിന്റെ സന്നിധിയില്‍ നിന്ന് കരസ്ഥമായി.

No comments:

Post a Comment