ലോകനായകരുമായുള്ള ബന്ധം


ലോകനായകര്‍ ഹബീബുല്ലാഹ് തങ്ങളുമായുള്ള ആത്മീയബന്ധമാണ് സയ്യിദുനാ(റ)വിന്റെ കറാമത്തുകളില്‍ പരമപ്രധാനമായ ഒന്ന്. ചെറുപ്പകാലം മുതലേ തിരുദൂതരെ കിനാവിലും നിനാവിലും ദര്‍ശിക്കാനുള്ള ഭാഗ്യം സയ്യിദുനാ(റ)വിന് സിദ്ധിച്ചിരുന്നു. ഇതിന് വലിയൊരു ഉദാഹരണമാണ് പഠനകാലത്തുണ്ടായ ഒരു സംഭവം.
ഒരു ദിവസം മദ്റസയില്‍ നിന്നും മടങ്ങുകയായിരുന്ന ബാലനായ സയ്യിദുനാ തിജാനി(റ) തന്റെ മുന്നില്‍ ഒരു വലിയപ്രകാശം പ്രകടമാകു ന്നത് കണ്ടു. പതുക്കെ അത് ആകാശത്തേക്ക് ഉയരാനും തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ തിരുനബി അതില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് അവിടുന്ന് ഇപ്രകാരം അരുളി :
"മോനേ, നീ മൂന്നേറുക. സദ്പന്ഥാവിലേക്കുള്ള പ്രയാണമാണ്
നീ നടത്തിക്കൊണ്ടിരിക്കുന്നത്".
ഇതു കണ്ട ആ പിഞ്ചുബാലന്‍ പേടിച്ചവശനായി വഴിയരികിലുള്ള പിതൃ സഹോദരിയുടെ വീട്ടിലേക്ക് ഓടിയണഞ്ഞു. എന്നിട്ട് ആ മഹതിയോട് തന്റെ അനുഭവം വ്യക്തമാക്കി. പേടിച്ചരണ്ട തന്റെ സഹോദരീപുത്രനെ ആ മഹതി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും നല്ല പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്‍തു.
അല്ലാഹുവിന്റെ തിരുദൂതര്‍യോടുള്ള അടങ്ങാത്ത സ്‍നേഹത്താല്‍ വളര്‍ന്നുവന്ന സയ്യിദുനാ ശൈഖ് തിജാനി(റ) ദിവസവും അവിടുത്തെ നീണ്ട ചരിത്രം വായിക്കുകയും അതില്‍ തിരുദൂതരുടെ പേരു പറയുമ്പോഴൊക്കെ സ്വലാത് ചൊല്ലുകയും പതിവായിരുന്നു. തന്റെ ലക്ഷ്യപ്രാപ്‍തിക്കായി നീണ്ട യാത്രകള്‍ നടത്തുകയും നിരവധി മഹത്തുക്കളെയും ത്വരീഖതുകളെയും ആശ്ലേഷിക്കുകയും ചെയ്‍ത ശൈഖവര്‍കള്‍ക്ക് അവസാനം ആത്മീയ വിജയം കൈവരിക്കാനായതും തിരുനബിയിലൂടെ തന്നെ. സ്വഹാറയിലെ അതിവിജനവും ഉഗ്രജീവികളുടെ വിഹരകേന്ദ്രവുമായ അബൂസംഗൂനില്‍ വെച്ച് ഹിജ്റഃ 1196ല്‍ വെച്ച് അല്‍ ഫത്ഹുല്‍ അക്ബര്‍ എന്ന ഈ മഹത്തായ ആത്മീയവിജയം കരഗതമാകുമ്പോള്‍ തിരുദൂതര്‍യെ അവിടുന്ന് നഗ്നനേത്രം കൊണ്ട് തന്നെ ദര്‍ശിക്കുകയും ഉണര്‍ച്ചയില്‍ ഒരുമിച്ച് കൂടുകയും ചെയ്‍തു. അവിടുത്തെ പ്രഭാവത്തില്‍ നിന്നും തനിക്ക് ആവശ്യമായതെല്ലാം സയ്യിദുനാ(റ) കരഗതമാക്കി. അതോടെ മഹാനവര്‍കളുടെ ആത്മാവ് എല്ലാ മറകളെയും താണ്ടി മഅ്‍രിഫത്തിന്റെ ഉന്നതപദവികളിലേക്ക് കാലെടുത്തു വെച്ചു. അതീവമായ ആത്മീയരഹസ്യങ്ങളും വിലമതിക്കാനാവാത്ത ജ്ഞാനരഹസ്യങ്ങളും അവിടുത്തെ ഹൃദയത്തിലേക്ക് ഒഴുകിത്തുടങ്ങി. അധികസമയവും അവിടുത്തെ ആത്മാവിനോടൊപ്പം ചെലവഴിക്കാനും ആ തിരുസന്നിധിയില്‍ നിന്നും വൈവിധ്യവും അപൂര്‍വ്വവും അതീവരഹസ്യങ്ങളുമായ മുത്തു മണികളെ ശേഖരിക്കാനും സയ്യിദുനാ(റ)വിന് അതോടെ ഭാഗ്യം ലഭിച്ചു. പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ഒരേ വിഷയത്തില്‍ വ്യത്യസ്ഥങ്ങളായ ഉദ്ധരിക്കപ്പെട്ട പല ഹദീസുകളുടെയും നിജസ്ഥിതി മനസ്സിലാക്കാനും ഇത്തരം കൂടിച്ചേരലുകളെ സയ്യിദുനാ(റ) ഉപയോഗപ്പെടുത്തി. ജവാഹിറുല്‍ മആനി മുതല്‍ സയ്യിദുനാ(റ)വിന്റെ ജീവചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളിലെല്ലാം തന്നെ ഇപ്രകാരം തിരുസന്നിധിയില്‍ നിന്നും ഉപകാരമെടുത്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താനാകും. ലോകനായകര്‍യുമായുള്ള സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ അതിശയിപ്പിക്കുന്ന ഈ ആത്മീയബന്ധം എത്രമാത്രം ശക്തമായിരുന്നു എന്ന് അറിയുവാന്‍ മഹാനവര്‍കളുടെ ജന്മനാടായ ഐനുമാദ്വി നിവാസികളോട് സുപ്രസിദ്ധ വലിയ്യായിരുന്ന സയ്യിദീ ദംറാവി(റ) പറഞ്ഞ ഈ പ്രസ്‍താവന മാത്രം മതി :
"തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെയും പിന്തുടര്‍ന്ന് കൊണ്ട് സയ്യിദുനാ ശൈഖ് തിജാനി(റ) നടന്ന മുഴുവന്‍ സ്ഥലങ്ങളെയും ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരുകയാണെങ്കില്‍ പ്രാഥമികകൃത്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി മൂന്ന് ദിവസത്തോളം നിങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരുമായിരുന്നു".
പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിനെ ക്രമീകരിച്ചതും സയ്യിദുനാ(റ)വിന്റെ ജീവിതത്തിലെ പല അസുലഭനിമിഷങ്ങളെയും മഹത്വവത്കരിച്ചതും തിരുനബി കല്‍പനയിലൂടെയായിരുന്നു. ആത്മീയലോകത്തെ സയ്യിദുനാ(റ)വിന്റെ സ്ഥാനമാനങ്ങളുടെയും ബഹുമതികളുടെയും മേല്‍ കൃത്യമായ വിവരണവും സാക്ഷ്യവും നല്‍കിയതും അവിടുന്ന് തന്നെ. മൊത്തത്തില്‍ സയ്യിദുനാ(റ)വിന്റെ മേല്‍ പരിപൂര്‍ണ്ണമായ നിയന്ത്രണം ഏറ്റെടുത്തിരുന്ന അവിടുത്തെ ശൈഖ് ലോകാനുഗ്രഹിയായ മുത്തുനബി മാത്രമായിരുന്നു. സയ്യിദുനാ(റ)വിന്റെ മുറബ്ബിയും മുര്‍ശിദുമെല്ലാം താന്‍ മാത്രമാണെന്നും താനാകുന്ന മാധ്യമത്തിലൂടെയും തന്റെ കരങ്ങളിലൂടെയും മാത്രമേ അല്ലാഹു(സു)വില്‍ നിന്നും സയ്യിദുനാ(റ)വിന് എന്തെങ്കിലും ലഭ്യമായിട്ടുള്ളൂവെന്നും തിരുനബി തങ്ങള്‍ തന്നെ വ്യക്തമാക്കുകയുണ്ടായി :
"താങ്കളെ സജ്ജീകരിക്കുന്നതില്‍ യാതൊരു സാമര്‍ത്ഥ്യവും ത്വരീഖത്തിന്റെ മഷാഇഖുമാര്‍ക്കില്ല".
സയ്യിദീ അഹ്‍മദുത്തിജാനി(റ) ബന്ധപ്പെട്ടിരുന്ന എല്ലാ മഹാത്മാക്കളെയും അവരില്‍ നിന്നും ഏറ്റെടുത്തിരുന്ന എല്ലാ കാര്യങ്ങളെയും ഒഴിവാക്കാനും തിരുനബി കല്‍പിച്ചു. ആത്മീയസഹായങ്ങളും ആവശ്യങ്ങളും തേടുന്നത് തന്നിലേക്ക് മാത്രമായി പരിമിതപ്പെടുത്താനും അവിടുന്ന് മഹാനവര്‍കളോട് ഉപദേശിച്ചു. പരിശുദ്ധ തിജാനിയ്യതിലെ മഹത്തായ അഹ്‍മദിയ്യഃ ഔറാദുകള്‍ ചൊല്ലിക്കൊടുത്തു കൊണ്ട് തിരുദൂതര്‍ നടത്തിയ ഈ പ്രഖ്യാപനം ചരിത്രപ്രസിദ്ധമാണ് :
"യഥാര്‍ത്ഥത്തില്‍ ഞാനാണ് താങ്കളുടെ മാധ്യമവും ആത്മീയസഹായം ചൊരിയുന്ന വരും. മുഴുവന്‍ ത്വരീഖതുകളില്‍ നിന്നും ഏറ്റെടുത്ത എല്ലാ ഔറാദുകളെയും ഉപേക്ഷിച്ച് കൊള്ളുക. യാതൊരു വിധ ഏകാന്തവാസമോ ജനങ്ങളെ ത്തൊട്ട് വേര്‍പിരിയലോ കൂടാതെ ഈ ത്വരീഖത്തിനെ മുറുകെപ്പിടിക്കുക. അങ്ങനെ വാഗ്ദാനം ചെയ്യപ്പെട്ട സ്ഥാനത്തേക്ക് ഒരുവിധ ബുദ്ധിമുട്ടോ ഞെരുക്കമോ അധികപരിശ്രമമോ ഇല്ലാതെ തന്നെ താങ്കള്‍ എത്തിച്ചേരും. മുഴുവന്‍ ഔലിയാക്കളെയും താങ്കളെത്തൊട്ട് വിദൂരത്താക്കുകയും ചെയ്യുക".
ഈ പ്രഖ്യാപനത്തോടെ പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്ത് ജന്മം കൊണ്ടു. നൂറ് ഇസ്‍തിഗ്ഫാറും നൂറ് സ്വലാത്തുമായിരുന്നു സയ്യിദീ അഹ്‍മദുത്തിജാനി(റ)വിന് തിരുദൂതര്‍ നല്‍കിയ ഔറാദുകള്‍. ശേഷം മുസ്‍ലിമീങ്ങളില്‍ നിന്നും സ്‍ത്രീപുരുഷഭേദമന്യെ സദ്‍വൃത്തനെന്നോ പാപിയെന്നോ വേര്‍തിരിവില്ലാതെ ഈ മഹത്തായ ഔറാദുകളില്‍ ആശയര്‍പ്പി ക്കുന്ന ആബാലവൃന്ദം ജനങ്ങളെയും ആത്മീയശിക്ഷണം (തര്‍ബിയ്യഃ) ചെയ്യാനുള്ള നിരുപാധികമായ അനുമതിയും അവിടുന്ന് മഹാനവര്‍കള്‍ക്ക് നല്‍കി. ഒപ്പം, ഈ മഹത്തായ ത്വരീഖത്തിന്റെ നിബന്ധനകളും മുരീദുമാര്‍ പാലിക്കേണ്ട നിര്‍ബന്ധബാദ്ധ്യതകളും അവിടുന്ന് തന്നെ തിട്ടപ്പെടുത്തിക്കൊടുത്തു. താമസിയാതെ പന്ത്രണ്ടാം നൂറ്റാണ്ട് പൂര്‍ണ്ണമായപ്പോള്‍ അഥവാ, ഹിജ്റഃ 1200ല്‍ ലാഇലാഹഇല്ലല്ലാഹ് എന്ന അത്യുന്നതവും അതിമഹോന്നതവുമായ പരിശുദ്ധ കലിമത്ത് നൂറ് പ്രാവശ്യം ചൊല്ലുവാനുള്ള സമ്മതവും ശൈഖവര്‍കള്‍ക്ക് നല്‍കിക്കൊണ്ട് തിരുനബി പരിശുദ്ധ അഹ്‍മദിയ്യഃ മുഹമ്മദിയ്യഃ ഇബ്റാഹീമിയ്യഃ ഹനീഫിയ്യഃ ഔറാദുകളെ പരിപൂര്‍ണ്ണമാക്കിക്കൊടുത്തു. സയ്യിദീ അഹ്‍മദ് തിജാനി(റ) തന്നെ വ്യക്തമാക്കുന്നു :
"നിരവധി മഷാഇഖുമാരെത്തൊട്ട് നാം ഏറ്റെടുത്തു. പക്ഷെ അവരില്‍ നിന്നൊന്നും ലക്ഷ്യപ്രാപ്‍തി നേടിയെടുക്കാന്‍ അല്ലാഹു വിധി നല്‍കിയില്ല. അതിനാല്‍ തിരുനബി തന്നെയാകുന്നു ഈ മഹത്തായ ത്വരീഖത്തില്‍ നമ്മുടെ ഗുരുവും ആസ്‍പദവും".

No comments:

Post a Comment