ചുരുങ്ങിയ വേളയില്‍ ഖുര്‍ആന്‍ ഖത്ം


സയ്യിദീ അഹ്‍മദ് ജുവൈദ് ത്വന്‍ജി(റ) എന്നവര്‍ പ്രവാചകപ്രേമത്താല്‍ ദുഃഖാര്‍ത്തനായി ജീവിച്ചിരുന്ന ഒരു പുണ്യാത്മാവായിരുന്നു. ഫാസില്‍ സ്ഥിരവാസമാക്കിയ സയ്യിദുനാ ശൈഖ് തിജാനി(റ)വിനെക്കുറിച്ച് കേട്ടമാത്രയില്‍ ഈ പുണ്യാത്മാവ് തന്റെ സ്വദേശമായ ത്വന്‍ജയില്‍ നിന്നും അവിടേക്ക് യാത്ര തിരിച്ചു. ഫാസിലെത്തിയപ്പോഴേക്കും വെള്ളിയാഴ്‍ച മധ്യാഹ്നമായിക്കഴിഞ്ഞിരുന്നു. അങ്ങനെ സയ്യിദീ ത്വന്‍ജി(റ) വേഗം ജുമുഅഃ നിസ്‍കരിക്കാനായി ഖറവിയ്യൂന്‍ യൂണിവേഴ്‍സിറ്റിയില്‍ പ്രവേശിച്ചു. മിഹ്റാബിന്റെ ഭാഗമായിരുന്നു മഹാന്‍ ലക്ഷ്യമാക്കിയത്. ഒന്നാം സ്വഫില്‍ ഒഴിഞ്ഞൊരു ഭാഗം തന്നെ മഹാന് ലഭിച്ചു. മഹാന് ലഭിച്ച സ്ഥലത്തിന് തൊട്ടടുത്ത് തന്നെ ഒരു മുസ്വല്ലപ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. തഹിയ്യത് നിസ്‍കരത്തിനായി സയ്യിദീ ത്വന്‍ജി(റ) കൈകെട്ടിയപ്പോഴേക്കും സയ്യിദുനാ ശൈഖ് തിജാനി(റ) കടന്നുവരികയും മഹാന്റെ തൊട്ടടുത്ത് തയ്യാറാക്കപ്പെട്ടിരുന്ന മുസ്വല്ലയില്‍ കയറി തഹിയ്യത് നിസ്‍കരിക്കാനായി കൈകെട്ടുകയും ചെയ്‍തു. സയ്യിദീ ത്വന്‍ജി(റ)വിനാകട്ടെ, ഇതിനു മുന്നേ സയ്യിദുനാ ശൈഖ് തിജാനി(റ)വിനെ കാണാനോ അറിയാനോ സാധിച്ചിരുന്നില്ല.
സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ സമീപത്ത് നിസ്‍കരിച്ച് കൊണ്ടിരുന്ന സയ്യിദീ ത്വന്‍ജി(റ)വിന് പെട്ടെന്ന് ഇതുവരെ പരിചയമില്ലാത്തൊരു പ്രത്യേക അവസ്ഥ പിടികൂടി. നിസ്‍കാരശേഷവും ആ അവസ്ഥ തുടര്‍ന്നതിനാല്‍ മഹാന്‍ അവിടെതന്നെ മിണ്ടാതെ ഇരുന്നു. സയ്യിദുനാ ശൈഖ് തിജാനി(റ) മുഖത്തേക്ക് നോക്കാനോ മഹാനരുടെ ഭാഗത്തേക്കൊന്ന് തിരിയാനോ പോലും സയ്യിദീ ത്വന്‍ജി(റ)വിന് സാധിച്ചില്ല. സയ്യിദുനാ ശൈഖ്(റ)വിന്റെ സ്ഥാനത്തുണ്ടായിരുന്ന ഉന്നതമായ ഗാംഭീര്യത കാരണമായിരുന്നു അത്.
തഹിയ്യത് നിസ്‍കാരശേഷം സയ്യിദുനാ ശൈഖ് തിജാനി(റ) ഖുര്‍ആന്‍ പാരായണം തുടങ്ങി. തുടക്കം മുതലേ ഓതിത്തുടങ്ങിയ സയ്യിദുനാ ശൈഖ്(റ) ഖുര്‍ആന്‍ പൂര്‍ണ്ണമായും ഖത്‍മ് ചെയ്യുകയായിരുന്നു. ജനങ്ങളെല്ലാം ഖത്വീബ് മുറിയില്‍ നിന്നും പുറത്ത് വരുന്നതിനെ പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്ന ചുരുങ്ങിയ സമയത്തായിരുന്നു ഇത് സംഭവിക്കുന്നത്. നമ്മുടെ കഥാപുരുഷനായ സയ്യിദീ ത്വന്‍ജി(റ)വാകട്ടെ, ഈ ചെറിയ സമയം കൊണ്ട് സയ്യിദുനാ ശൈഖ് തിജാനി(റ) പരിശുദ്ധ ഖുര്‍ആന്റെ തുടക്കം മുതല്‍ ഒടുക്കം വരെയും ഓതുന്നത് വളരെ വ്യക്തമായി കേട്ടു. സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ ഖുര്‍ആന്‍ പാരായണത്തിലുണ്ടായ ഈ സമയച്ചുരുക്കത്തില്‍ മഹാന്‍ അത്ഭുതപരതന്ത്രനായിത്തീര്‍ന്നു. മഹാനവര്‍കള്‍ അറിയാതെ ഇങ്ങനെ പറഞ്ഞ് പോയി : "ഇതെന്റെ ലക്ഷ്യത്തെ തെറ്റിച്ച് കളയുന്ന കാര്യം തന്നെ". (അഥവാ സയ്യിദുനാ ശൈഖ് തിജാനി(റ)വിനെ കാണാനാണല്ലോ മഹാന്‍ ഫാസിലേക്ക് കടന്നുവന്നത്. ഈ അനുഭവത്തിലൂടെ മഹാനെ കാണുക എന്ന ലക്ഷ്യം മാറ്റി വെച്ച് ഈ കറാമത്തിന്റെ ഉടമയിലേക്ക് പോകുമല്ലോ എന്ന് സാരം)
താമസിയാതെ ഖത്വീബ് ഖുതുബയും നിസ്‍കാരവുമെല്ലാം നടത്തിക്കഴിഞ്ഞപ്പോള്‍ ജനങ്ങളെല്ലാം അവരുടെ പതിവനുസരിച്ച് സയ്യിദുനാ ശൈഖ് തിജാനി(റ)വിനെക്കാണുമ്പോള്‍ ചെയ്യുന്നത് പോലെ മഹാനവര്‍കളെ പൊതിയാന്‍ തുടങ്ങി. ഈ അവസരത്തില്‍ സയ്യിദീ ത്വന്‍ജി(റ) തന്റെ അടുത്തിരുന്ന മഹാന്‍ ആരാണെന്ന് ജനങ്ങളോട് അന്വേഷിച്ചു. അപ്പോഴാണ് അത് സയ്യിദുനാ ശൈഖ് തിജാനി(റ)വാണെന്ന കാര്യം മഹാന്‍ തിരിച്ചറിയുന്നത്. അതോടെ നമ്മുടെ കഥാപുരുഷന്‍ വളരെ മര്യാദപൂര്‍വ്വം സയ്യിദുനാ ശൈഖ് തിജാനി(റ)വിനെ സമീപിക്കുകയും ശേഷം മഹാനവര്‍കളില്‍ നിന്ന് ത്വരീഖത് സ്വീകരിക്കുകയും ചെയ്‍തു.

No comments:

Post a Comment