സയ്യിദുനാ
ഖുതുബുല്‍ മക്തൂ തിജാനി(റ)വിന്റെ അതിപ്രധാനികളായ ശിഷ്യഗണങ്ങളിലൊരാളാണ് മഹാനായ സയ്യിദീ
അബ്‍ദുല്‍ വഹ്ഹാബ് ബ്‍നു അഹ്‍മര്‍(റ). ഒരിക്കല്‍ മഹാനവര്‍കള്‍ സയ്യിദുനാ(റ)വിന്റെ ചരക്കുകള്‍
വഹിക്കുന്ന സാര്‍ത്ഥവാഹകസംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. പൊടുന്നനെ അവരുടെ മേല്‍
കൊള്ളക്കാരായ ഒരു കൂട്ടം അക്രമി സംഘം ചാടി വീണു. എന്നിട്ട് അവരുടെ മുഴുവന്‍ സാധനങ്ങളെയും
പിടിച്ചെടുക്കാനാരാഞ്ഞു. അപ്പോള്‍ മഹാനായ ഇബ്‍നു അഹ്‍മര്‍(റ) അവരോട് പറഞ്ഞു :
"അല്ലയോ കൂട്ടരേ, നിങ്ങള്‍
അല്ലാഹുവിനെ സൂക്ഷിക്കൂ. ഇത് അല്ലാഹുവിന്റെ വലിയ്യായ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ
കച്ചവട സംഘമാണ്".
അന്നേരം
ആ തസ്‍കരന്മാര്‍ പരിഹാസപൂര്‍വ്വം ഇങ്ങനെ പ്രതികരിച്ചു : "തിജാനിയായാലും ആരായാലും
ഞങ്ങള്‍ക്കെന്താ!!! ഈ
പണി ഒഴിവാക്കാനൊന്നും ഞങ്ങളെക്കിട്ടില്ല. ഒന്നുകില്‍ നിങ്ങള്‍ മരിക്കുക, അല്ലെങ്കില്‍ ഞങ്ങള്‍. അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല".
ആ അക്രമികള്‍
തങ്ങളുടെ വാളുകള്‍ പുറത്തെടുത്തു കൊണ്ട് കച്ചവടസാധനങ്ങളെ കവരാനായി മുന്നോട്ട് വന്നു.
അത്ഭുതമെന്ന് പറയട്ടെ!!! പെട്ടെന്ന് ആ കവര്‍ച്ചക്കാര്‍ക്ക് തങ്ങളുടെ ശാരീരികാവയവങ്ങള്‍
ഭാരം കൂടിക്കൂടി വരുന്നതായി അനുഭവപ്പെടാന്‍ തുടങ്ങി. താമസിയാതെ ഒന്നനങ്ങാന്‍ പോലും
സാധിക്കാത്ത വിധത്തിലുള്ള ഒരു പരിതസ്ഥിതിയിലേക്ക് അവരെത്തി. പതിയെ ഭൂമി അവരെ വിഴുങ്ങുന്നത്
പോലെ അവര്‍ക്ക് തോന്നി. തങ്ങള്‍ വീരവാദമുയര്‍ത്തിയത് പോലെ തങ്ങളുടെ ശരീരങ്ങളില്‍ നിന്നും
ആത്മാവുകള്‍ വേര്‍പ്പെടാനടുത്തത് പോലെ അവര്‍ക്ക് അനുഭവപ്പെട്ടു. അല്ലാഹുവിന്റെ പരീക്ഷണം
അവരുടെ മേല്‍ പതിക്കുകയായിരുന്നു. തങ്ങളുടെ അതിക്രമം ഒരു മഹാനായ വലിയ്യിനോടായിരുന്നുവെന്ന
സത്യം അവര്‍ക്ക് ബോധ്യപ്പെട്ടു. നിസ്സഹായരായ ആ കൊള്ളക്കാര്‍ അതിദയനീയമായി അലറിക്കരയാന്‍
തുടങ്ങി. എന്നിട്ട് സയ്യിദീ അബ്‍ദുല്‍ വഹ്ഹാബ് ബ്‍നു അഹ്‍മര്‍(റ)വിനോടും സംഘത്തോടും
ഇങ്ങനെ കേണപേക്ഷിച്ചു : "അല്ലയോ മഹത്തുക്കളേ, ഞങ്ങളെ ഒന്ന് പിടിക്കൂ. നിങ്ങളുടെ കച്ചവടസാധനങ്ങളെല്ലാം എടുത്ത്
കൊണ്ട് ഞങ്ങള്‍ക്ക് സംഭവിച്ച ഈ മഹാവിപത്തില്‍ നിന്നും എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കൂ".
ക്രൂരന്മാരായ ആ തസ്‍കരസംഘത്തിന്റെ ഗതികേട് കണ്ട് അലിവ് തോന്നിയ മഹാനായ സയ്യിദീ ഇബ്‍നു
അഹ്‍മര്‍(റ) അവരെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു
: "ഞങ്ങളാദ്യമേ നിങ്ങളോട് പറഞ്ഞതല്ലേ, ഈ കച്ചവടസംഘം സയ്യിദീ അഹ്‍മദുത്തിജാനി(റ)
വിന്റേതാണെന്ന്. ആയതിനാല്‍ നിങ്ങളുടെ ഈ ഹീനപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ
അല്ലാഹു(സു)വിലേക്ക് പശ്ചാത്തപിച്ച് മടങ്ങിക്കൊള്ളുക. ഇല്ലെങ്കില്‍ നിങ്ങളുടെ മേല്‍
ഈ മഹാവിപത്ത് പുര്‍ണ്ണമായും സംഭവിക്കുക തന്നെ ചെയ്യും".
അങ്ങനെ ആ കൊള്ളസംഘം മൊത്തവും അല്ലാഹു(സു)വിലേക്ക് പശ്ചാത്താപിച്ചു
മടങ്ങി. അപ്പോള്‍ മാത്രമാണ് തങ്ങളുടെ പരിതസ്ഥിതി യില്‍ നിന്നും അവര്‍ മോചിതരായത്. അതോട്
കൂടി തങ്ങളുടെ കൊള്ള പ്രവര്‍ത്തനം അവസാനിപ്പിച്ച് കൊണ്ട് തങ്ങളുടെ പക്കലുണ്ടായിരുന്ന
മുഴുവന്‍ കവര്‍ച്ചസാധനങ്ങളും തിരിച്ച് നല്‍കി അവര്‍ സയ്യിദുനാ(റ)വിന്റെ കച്ചവടസംഘത്തോടൊപ്പം
ബഹുമാനപ്പെട്ടവരുടെ തിരുസന്നിധിയിലേക്ക് യാത്രയായി. താമസിയാതെ, സയ്യിദുനാ(റ)വിന്റെ
സമക്ഷത്തിലേക്ക് എത്തിപ്പെട്ട അവര്‍ അനുഗ്രഹം കരസ്ഥമാക്കുകയും തിജാനിയ്യഃ ത്വരീഖത്ത്
സ്വീകരിച്ച് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുകയും ചെയ്‍തു.

No comments:
Post a Comment