പ്രവചനം പുലര്‍ന്നു !!!

അല്‍ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദ് തിജാനി(റ), അവിടുത്തെ ചില അനുചരന്മാരോട് ഒരു പ്രവചനം നടത്തുകയുണ്ടായി: "ഞാന്‍ മരണപ്പെട്ടാല്‍ സയ്യിദീ ഷരീഫ് അല്‍ ഗാലി ബൂത്വാലിബ് എന്റെ മയ്യിത്തിന്റെ മേല്‍ നിസ്‍കരിക്കുക തന്നെ ചെയ്‍തിരിക്കും".
അങ്ങനെ സയ്യിദുനാ(റ) വഫാത്തായി. പക്ഷെ, സയ്യിദീ ഷരീഫ് ഗാലി(റ) സ്ഥലത്തുണ്ടായിരുന്നില്ല. മഹാനവര്‍കള്‍ ഒരു യാത്രയിലായി രുന്നു. തന്നിമിത്തം ജനാസഃ നിസ്‍കാരത്തിനോ ഖബറടക്കത്തിനോ പങ്കെടുക്കാന്‍ ഷരീഫ് ഗാലി(റ)വിന് സാധിച്ചില്ല.
എന്നാല്‍ അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് മാറ്റമില്ലെന്നാണല്ലോ. സയ്യിദുനാ(റ)വിന്റെ പ്രവചനം അപ്പടി പുലര്‍ന്നു. എങ്ങനെയെന്നല്ലേ, സയ്യിദുനാ തിജാനി(റ)വിന്റെ സന്താനങ്ങള്‍ പില്‍ക്കാലത്ത് മഹാനവര്‍കളുടെ പാവനശരീരം അവിടുത്തെ ഖബര്‍ ഷരീഫില്‍ നിന്നും പുറത്തെടുത്ത് ഐനുമാദ്വിയിലേക്ക് കൊണ്ടുപോകാനായി ഒരു ശ്രമം നടത്തി. എന്നാല്‍ വിവരമറിഞ്ഞ ഫാസ് നിവാസികളായ തിജാനികള്‍ അതിനെതിരെ ശക്തമായി രംഗത്ത് വന്നു. അവര്‍ സയ്യിദുനാ(റ)വിന്റെ സന്താനങ്ങളില്‍ നിന്നും മഹാനവര്‍കളുടെ പാവനശരീരത്തെ പിടിച്ചെടുത്തു. എന്നിട്ട് അവിടുത്തെ ഖബര്‍ ശരീഫിലേക്ക് മറമാടാന്‍ തന്നെ തീരുമാനിച്ചു. ഈ പ്രശ്‍നഘട്ടത്തില്‍ സയ്യിദീ ഷരീഫ് ഗാലി(റ) അവിടെയുണ്ടായിരുന്നു. മഹാനവര്‍കള്‍ തനിക്ക് നഷ്‍ടപ്പെട്ടത് വീണ്ടെടുക്കാനായി ഈയവസരം ഉപയോഗപ്പെടുത്തി. ഖബറിന് പുറത്തുണ്ടായിരുന്ന സയ്യിദുനാ(റ) വിന്റെ പാവനശരീരത്തിന്റെ മേല്‍ അങ്ങനെ ഷരീഫ് ഗാലി(റ) മയ്യിത്ത് നിസ്‍കാരം നിര്‍വ്വഹിക്കുകയും ചെയ്‍തു.
ഈ രംഗം കണ്ട് നിന്ന സയ്യിദുനാ തിജാനി(റ)വിന്റെ പ്രവചനം നേരിട്ട് ശ്രവിച്ച അനുചരന്മാര്‍ അത്ഭുതപരതന്ത്രരായി. അവരോട് സയ്യിദുനാ(റ) നടത്തിയ പ്രവചനം കൃത്യമായി പുലര്‍ന്നു. ഒപ്പം അതിന്റെ ലക്ഷ്യവും അവര്‍ക്ക് ബോധ്യപ്പെട്ടു.

No comments:

Post a Comment