പരിപൂര്‍ണ്ണരായ
മുറബ്ബികള്‍ ചിലയവസരങ്ങളില്‍ ഒറ്റ നോട്ടത്തിലും മറ്റും മുരീദുമാരെ ആത്മീയമായി ഉന്നതസ്ഥാനത്തേക്ക്
ഉയര്‍ത്താറുണ്ട്. തര്‍ബി യത്തിന്റെ മുഴുവന്‍ മേഖലകളിലും വിളങ്ങി നിന്ന സയ്യിദുനാ(റ)വിന്റെ
ജീവിതത്തിലുണ്ടായ അത്തരമൊരു സംഭവം വിവരിക്കാം :
സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ അനുചരരുടെ കൂട്ടത്തിലൊരു മഹാത്മാവാണ്
അബൂ അബ്‍ദില്ലാഹ് സയ്യിദീ സഅ്നൂന്‍(റ). പരിശുദ്ധ തിജാനിയ്യത്തിലേക്ക് കടന്ന് വരുന്നതിന്
മുമ്പ് ഈ പുണ്യാത്മാവ് പകല്‍ ക്കൊള്ളക്കാരിലൊരാളായിരുന്നു. മരുഭൂമിയിലൂടെ കടന്ന് പോകുന്ന
കച്ചവടസംഘങ്ങളെ കൊള്ളയടിച്ചായിരുന്നു അദ്ദേഹം തന്റെ ഉപജീവനം കഴിച്ചിരുന്നത്. അതീവശക്തനും
ധീരനുമായതിനാല്‍ ഒരാള്‍ക്കും ഈ മനുഷ്യനെ നേരിടാന്‍ സാധിച്ചിരുന്നില്ല. തന്റെ ജീവിതത്തില്‍
ഒരു നല്ല പ്രവര്‍ത്തനം കാഴ്‍ചവെച്ചതായി പോലും ആര്‍ക്കും അറിവില്ലായിരുന്നു. അത്രമാത്രം
ക്രൂരനായ വ്യക്തി.
അങ്ങനെയിരിക്കവെ, അവിടെയുള്ള ഒരു പ്രദേശത്ത് തിജാനികളുടെ ഒരു മുഖദ്ദം മരണപ്പെട്ടു.
അക്കാലത്ത് ഏതെങ്കിലും മുഖദ്ദം മരണപ്പെടുന്ന പക്ഷം തുടര്‍സ്ഥാനത്തേക്ക് മറ്റൊരാളെ അവരോധിക്കാനായി
പ്രദേശവാസികള്‍ സയ്യിദുനാ(റ)വിന്റെ സമക്ഷത്തില്‍ നിന്നും ഉപദേശം തേടാറായി രുന്നു പതിവ്.
അങ്ങനെ പ്രസ്‍തുത ദേശവാസികളെല്ലാരും കൂടി തങ്ങളുടെ കൂട്ടത്തിലെ ഒരാളെ മുഖദ്ദമായി അവരോധിക്കാന്‍
വേണ്ടി സയ്യിദുനാ(റ)വിന്റെ ഉപേദേശമാരാഞ്ഞു. അപ്പോള്‍ സയ്യിദുനാ(റ)വിന്റെ പ്രതികരണം
ഇപ്രകാരമായിരുന്നു : "നിശ്ചയം, നിങ്ങളുടെ
മേല്‍ സഅ്നൂനിനെ ഞാന്‍ മുഖദ്ദമായി അവരോധിച്ചിരിക്കുന്നു".
സയ്യിദുനാ(റ)വിന്റെ പ്രഖ്യാപനം ഞെട്ടലോടുകൂടിയായിരുന്നു ആ ദേശ
ക്കാര്‍ ശ്രവിച്ചത്. എങ്കിലും മഹാനവര്‍കളുടെ നിര്‍ദ്ദേശത്തെ അക്ഷരംപ്രതി സ്വീകരിച്ച്
ഈ വിവരം സഅ്നൂന്‍(റ)വിനെ അറിയിക്കാനായി അദ്ദേഹം സാധാരണ ആക്രമണം നടത്താറുള്ള സ്ഥലത്തേക്ക്
അവര്‍ ചെന്നു. ആ സമയത്ത് തന്റെ കുറച്ച് കൂട്ടാളികളോടൊപ്പം നില്‍ക്കുകയായിരുന്നു അദ്ദേഹം.
പ്രസ്‍തുത ദേശവാസികള്‍ ധൈര്യസമേതം അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു :
"നിശ്ചയമായും സയ്യിദീ അഹ്‍മദ് തിജാനി(റ), ഞങ്ങളുടെ സാവിയയുടെ മുഖദ്ദമായി നിങ്ങളെ അവരോധിച്ചിരിക്കുകയാണ്".
പറഞ്ഞു തീര്‍ന്നില്ല, ഈ വിവരം കേള്‍ക്കേണ്ട താമസം സയ്യിദീ സഅ്നൂന്‍(റ)വിന് വല്ലാത്തൊരു
അവസ്ഥ കൈവന്നു. കണ്ണുകളില്‍ നിന്നും ധാരധാരയായി അശ്രുകണങ്ങളൊഴുകി. തന്റെ എല്ലാ മ്ലേച്ഛപ്രവര്‍ത്തികളില്‍
നിന്നും അദ്ദേഹം പരമശക്തനായ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങി. ഈ മഹത്തായ അവസരത്തില്‍
സഅ്നൂന്‍(റ)വിന് അത്യുന്നതമായ ഫത്ഹ് ലഭ്യമായി. തന്റെ ജീവിതത്തില്‍ യാതൊരു വിധ നന്മയും
സമൂഹം സാക്ഷിയാകാതിരുന്നിട്ട് കൂടി സയ്യിദുനാ(റ)വിന്റെ ഒരൊറ്റ വചനം കൊണ്ടായിരുന്നു
ഈ ആത്മീയോന്നതി. പിന്നീടങ്ങോട്ട് സഅ്നൂന്‍(റ)വിന്റെ ജീവിതമാകെ മാറി. പില്‍ക്കാലത്ത്
അല്ലാഹുവിന്റെ മഹോന്നതരായ ഔലിയാക്കളുടെ കൂട്ടത്തിലായി ഈ പുണ്യാത്മാവ് തന്റെ ജീവിതം
മുന്നോട്ട് നീക്കുകയായിരുന്നു.

No comments:
Post a Comment