ഒരു
ദിവസം മൊറോക്കോ സുല്‍ത്വാനായ മൗലായ് സുലൈമാന്‍(റ)വിന്റെ മാളികയില്‍ ഷരീഫുമാരായ ഏതാനും
ബഹുമാന്യവ്യക്തിത്വങ്ങള്‍ ഇരിക്കുകയായിരുന്നു. അതേ സമയം തന്നെ സയ്യിദീ അഹ്‍മദുത്തിജാനി(റ),
അവിടുത്തെ രണ്ട് സേവകരോടൊപ്പം മൗലായ് സുലൈമാന്‍(റ)വിനെ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ
അവിടേക്ക് യാത്ര തിരിച്ചു. വലത് വശത്ത് തന്റെ മഹാനായ സേവകന്‍ സയ്യിദീ ബിലാല്‍(റ)വും
ഇടത് വശത്ത് മറ്റൊരു സേവകനെയും കൂട്ടി വാഹനത്തിലേറിയായിരുന്നു സയ്യിദുനാ(റ)വിന്റെ വരവ്.
ഉയര്‍ന്ന വഴിയിലൂടെ ഇറങ്ങി വരുന്ന സയ്യിദുനാ(റ)വിനെ ദൂരെ നിന്ന് കണ്ട ഷരീഫുമാരില്‍
ഒരാള്‍ വളരെ രഹസ്യമായി മറ്റുള്ളവരോട് ഇപ്രകാരം പ്രസ്‍താവിച്ചു : "അല്ലാഹു സത്യം,
നിശ്ചയമായും ഈ തിജാനി അല്ലാഹുവിന്റെ ദൃഷ്‍ടാന്തങ്ങളില്‍പ്പെട്ട ഒരു ദൃഷ്‍ടാന്തം തന്നെയാണ്".
ഇത്രയും പറഞ്ഞ് അവരെല്ലാരും മൗനമായി ഇരുന്നു.
കുറച്ച് കഴിഞ്ഞ് സയ്യിദുനാ(റ) അവിടെയെത്തിച്ചേര്‍ന്നപ്പോള്‍
അവരെല്ലാവരും എഴുന്നേറ്റ് നിന്ന് കൊണ്ട് മഹാനവര്‍കളോട് സലാം ചൊല്ലി. അന്നേരം സയ്യിദുനാ(റ)
അവരോടെല്ലാരോടുമായി ഇങ്ങനെ പരസ്യമായി പറഞ്ഞു : "നിങ്ങളെല്ലാവരും
പറയുക : അല്ലാഹു സത്യം, നിശ്ചയമായും ഈ തിജാനി മഹോന്നതനായ അല്ലാഹുവിന്റെ ദൃഷ്‍ടാന്തങ്ങളില്‍പ്പെട്ട
ഒരു ദൃഷ്‍ടാന്തം തന്നെയാകുന്നു".
സയ്യിദുനാ(റ) പല തവണ ഇതാവര്‍ത്തിച്ചു. അവരാകട്ടെ, ഇതുമൂലം അത്ഭുതപരതന്ത്രരായി
മാറിക്കഴിഞ്ഞിരുന്നു. കാരണം, വളരെ രഹസ്യമായി പറഞ്ഞ കാര്യം വിദൂരതയിലുള്ള സയ്യിദുനാ(റ)
സാധാരണനിലക്ക് ഒരു കാരണവശാലും ശ്രവിക്കാന്‍ സാധ്യതയില്ല. ഈ സംഭവത്തോടെ സയ്യിദുനാ(റ)വിന്റെ
വിലായത്തിലുള്ള ഉന്നത സ്ഥാനത്തെ ആ മഹത്തുക്കള്‍ക്ക് കൂടുതല്‍ ദൃഢമായി ബോധ്യപ്പെട്ടു.
എന്തിനധികം ആ മഹത്തുക്കള്‍ സയ്യിദുനാ(റ)വില്‍ നിന്നും പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്ത്
സ്വീകരിക്കാന്‍ പോലും ഈ സംഭവം ഒരു കാരണമായിത്തീര്‍ന്നു.

No comments:
Post a Comment