ശൈഖ് : ഏകരക്ഷാകേന്ദ്രം


സയ്യിദീ മുഹമ്മദ് ബ്‍നു അബ്‍ദുല്‍ വഹ്ഹാബ് ബ്‍നു ഹംദൂഷ് അല്‍ മക്‍നാസി എന്നവര്‍ ഇസ്‍ലാമികകര്‍മ്മശാസ്‍ത്രപണ്ഡിതനും സാഹിത്യക്കാരനും ബുദ്ധിജീവിയും കവിയും എഴുത്തുകാരനുമൊക്കെയാണ്. മദീനയിലെ അന്‍സാറുകളായ സ്വഹാബിവര്യന്മാരുടെ വിഖ്യാതഗോത്രമായ ഖസ്റജിലേക്കാണ് മഹാനവര്‍കളുടെ കുടുംബപരമ്പര ചെന്ന് ചേരുന്നത്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ഈ പുണ്യാത്മാവ് നമ്മുടെ ഗുരുവര്യരായ സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ കൈകളില്‍ നിന്നും ത്വരീഖത് സ്വീകരിച്ചു. പക്ഷെ, ഖേദകരമെന്ന് പറയാം, ത്വരീഖതിന്റെ നിബന്ധനകളില്‍പ്പെട്ടതും സംഭവിച്ചാല്‍ തല്‍ക്ഷണം പുറത്ത് പോകുന്നതുമായ നിരോധിക്കപ്പെട്ട സിയാറതിനെ ഉപേക്ഷിക്കാതെ ഇതര ഔലിയാക്കളെ സന്ദര്‍ശിക്കുന്ന സ്വഭാവം അദ്ദേഹം വീണ്ടും തുടര്‍ന്ന് കൊണ്ടിരുന്നു. താമസിയാതെ ഇക്കാര്യം മനസ്സിലാക്കിയ തിജാനിയ്യതിലെ ഇഖ്‍വാനീങ്ങള്‍ അദ്ദേഹത്തോട് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കുകയും അതോട് കൂടി ത്വരീഖതില്‍ നിന്ന് പുറത്ത് പോയതായി അറിയിക്കുകയും ചെയ്‍തു. "ഇനിയെനിക്ക് ഉപകാരം കിട്ടുന്ന എന്താണ് ഞാന്‍ ചെയ്യേണ്ടത്? - അദ്ദേഹം ഇഖ്‍വാനീങ്ങളോട് ആരാഞ്ഞു. സയ്യിദുനാ ശൈഖ് തിജാനി(റ)വില്‍ നിന്നും പുതുക്കലല്ലാതെ മറ്റൊരു വഴിയുമില്ലെന്നായിരുന്ന് അവരൊക്കെയും ഉപദേശിച്ചു. അങ്ങനെ സയ്യിദീ മുഹമ്മദുല്‍ മക്‍നാസി(റ) നാട്ടില്‍ നിന്നും ഫാസിലുള്ള സയ്യിദുനാ ശൈഖ്(റ)വിന്റെ സമക്ഷത്തിലേക്ക് പുറപ്പെട്ടു.
താമസിയാതെ സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ താമസിക്കുന്ന സ്ഥലത്തേക്ക് സയ്യിദീ മുഹമ്മദ് മക്‍നാസി(റ) എത്തിപ്പെട്ടു. മഹാനവര്‍കളുടെ സന്നിധിയിലേക്ക് പ്രവേശിക്കാനുള്ള അനുമതി ഒരു അനുചരന്‍ മുഖേന തേടി. പക്ഷെ, സയ്യിദുനാ ശൈഖ്(റ)വിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു : "ത്വരീഖതിലേക്ക് മടങ്ങി വരാനുള്ള മാര്‍ഗ്ഗം അദ്ദേഹത്തിനില്ല".
തന്റെ രക്ഷയുടെ മാര്‍ഗ്ഗം കൊട്ടിയടക്കപ്പെട്ടിരിക്കുന്നുവെന്ന ദുഃഖസത്യം സയ്യിദീ മുഹമ്മദ് മക്‍നാസി(റ) ഞെട്ടലോടെ മനസ്സിലാക്കി. അദ്ദേഹം സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ വീടിന്റെ വാതിലിനരികെ തന്നെ നിലയുറപ്പിച്ചു. തന്റെ ഖബര്‍ അവിടത്തന്നെയായിത്തീരട്ടെ എന്ന് അദ്ദേഹം ഉറപ്പിച്ചു.
ദിവസങ്ങള്‍ കടന്നു പോയി. സയ്യിദീ മുഹമ്മദ് മക്‍നാസി(റ)വിന്റെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ ചില മഹാത്മാക്കള്‍ സയ്യിദുനാ ശൈഖ് തിജാനി(റ)വിനോട് അദ്ദേഹത്തിന് വേണ്ടി ശുപാര്‍ശ ചെയ്‍തു കൊണ്ട് പറഞ്ഞു : അല്ലയോ സയ്യിദീ, ആ മനുഷ്യന്‍ തന്റെ ചെറിയ പെണ്‍കുട്ടികളടക്കമുള്ള സന്താനങ്ങളപ്പോലും ഉപേക്ഷിച്ച് നില്‍ക്കുകയാണ്. അവിടുന്ന് അയാള്‍ ത്വരീഖതിലേക്ക് തിരികെ പ്രവേശിക്കുവാനുള്ള സമ്മതം നല്‍കിയാല്‍ അത് വലിയ ഔദാര്യമായിരിക്കും. അല്ലായെങ്കില്‍ തന്റെ ഖബര്‍ അവിടുത്തെ വാതിലിന് സമീപത്താകട്ടെയെന്നാണ് അദ്ദേഹം പറയുന്നത്".
ഇത്രയുമായപ്പോള്‍ സയ്യിദുനാ ശൈഖ് തിജാനി(റ) അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. വളരെ മയത്തോട് അദ്ദേഹത്തെ അടുത്തിരുത്തി. എന്നിട്ട് അര്‍ത്ഥസമ്പൂര്‍ണ്ണമായ ഒരു ചരിത്രം ബഹുമാനപ്പെട്ടവര്‍ വിവരിച്ച് കൊടുക്കാന്‍ തുടങ്ങി. ആ ചരിത്രം ഇതായിരുന്നു :
ഒരുപാട് സമ്പത്തും സൗഭാഗ്യങ്ങളുമുള്ള ഒരു വ്യാപാരിയായ മനുഷ്യന്‍ ഒരിക്കല്‍ സ്വൂഫീമഷാഇഖുമാരില്‍പ്പെട്ട ഒരു ശൈഖിനെക്കുറിച്ച് അറിയുവാനിടയായി. അങ്ങനെ ആ വ്യാപാരി ആ ശൈഖിനെ സമീപിച്ച് തന്നെയും മഹാനവര്‍കളുടെ ശിഷ്യനായി സ്വീകരിച്ച് വിര്‍ദ് നല്‍കണമെന്ന് അപേക്ഷിച്ചു. അന്നേരം ശൈഖ് ആവശ്യപ്പെട്ടത് ഇതായിരുന്നു : "നിന്റെ ഭാര്യമാരെയെല്ലാം നീ ത്വലാഖ് ചൊല്ലുക, കൈയിലുള്ള സമ്പാദ്യമെല്ലാം പാവങ്ങള്‍ക്കായി ചെലവഴിക്കുന്ന രാജഭണ്ഡാരത്തിലേക്ക് അല്ലാഹുവിന് വേണ്ടി ധാനം ചെയ്യുക, എന്നിട്ട് ഉള്ളതില്‍ ഏറ്റവും പരുക്കന്‍ വസ്‍ത്രവും ധരിച്ച് വരിക".
നിശ്കളങ്കനായ ആ വ്യാപാരി ആ ശൈഖ് പറഞ്ഞത് പോലെ അക്ഷരം പ്രതി പ്രവര്‍ത്തിച്ചു. തന്റെ കുടുംബത്തെയും സമ്പാദ്യങ്ങളെയുമെല്ലാം ഉപേക്ഷിച്ച് പരുക്കന്‍ വസ്‍ത്രവും ധരിച്ച് ആ ശൈഖിനെ സമീപിച്ചു. എന്നാല്‍ പ്രതീക്ഷിച്ചതിന് വിരുദ്ധമായി ശൈഖ് അയാളെ കൈകൊഴിയുകയാണ് ചെയ്‍തത്. "നിനക്ക് തരാനുള്ള വിര്‍ദൊന്നും എന്റെ കൈകളിലില്ല. അതു കൊണ്ട് ഇനിയുള്ള കാലം കഴിക്കുവാന്‍ സ്വയമായി എന്തെങ്കിലും കണ്ടെത്തിക്കൊള്ളുക".
ശൈഖിന്റെ അപ്രതീക്ഷിച്ചതമായ ഈ സമീപനം ആ വ്യാപാരിയെ ആക പരിഭ്രാന്തനാക്കി. സ്വന്തമായി യാതൊരു ധനമോ സന്താനമോ അദ്ദേഹത്തിന് ബാക്കിയായിരുന്നില്ല. ഭാര്യമാരെ ഉപേക്ഷിക്കുകയും ചെയ്‍തു. തിരികെ നാട്ടിലേക്ക് പോയാല്‍ ജനങ്ങളുടെ പരിഹാസം സഹിക്കേണ്ടതായും വരും. തനിക്ക് സംഭവിച്ച് ദുരന്തം താങ്ങാനാകാതെ ജനസഞ്ചാരമില്ലാത്ത വിജനപ്രദേശത്തേക്ക് പോയി അവിടങ്ങളില്‍ അലഞ്ഞുതിരിയാന്‍ തുടങ്ങി.
അങ്ങനെയിരിക്കെ, ഒരു ദിവസം ആ വ്യാപാരി തനിക്ക് പരിചയമുള്ള മഹാത്മാവിനെ യാദൃശ്ചികമായി കണ്ടുമുട്ടാനിടയായി. അതിസമ്പന്നനായിരുന്ന ആ വ്യാപാരിയുടെ മേലാകെയും പൊടിപടലങ്ങളും കരുവാളിപ്പും പ്രകടമായിട്ടും ആ മഹാത്മാവ് വളരെ വേഗം അദ്ദേഹത്തെ തിരിച്ചറിഞ്ഞു. താമസിയാതെ വ്യാപാരി തന്റെ കഥനകഥ ആ മഹാത്മാവിന്റെ മുന്നില്‍ വിവരിച്ചു കൊടുത്തു. എല്ലാം സാകൂതം കേട്ട മഹാത്മാവ് ആ വ്യാപാരിയോട് പറഞ്ഞു : "താങ്കള്‍ ഒരിക്കലും ആ ശൈഖിനെ തെറ്റിദ്ധരിക്കരുത്. ആ ശൈഖല്ലാതെ താങ്കള്‍ക്ക് മറ്റാരെങ്കിലും ഉപകാരപ്പെടുമെന്ന് കരുതുകയും ചെയ്യരുത്. വളരെ ആത്മാര്‍ത്ഥമായി സത്യസന്ധതയോടെ എത്രയും വേഗം മഹാന്റെ സന്നിധിയിലേക്ക് താങ്കള്‍ മടങ്ങിപ്പോകണം. എന്നിട്ട് ഇങ്ങനെ പറയുക : "അല്ലയോ മഹാത്മാവേ, താങ്കളുടെ തണലല്ലാതെ മറ്റൊരു രക്ഷാകേന്ദ്രവും എനിക്കില്ല".
വ്യാപാരിക്ക് ആ ശൈഖ് ചെയ്‍തതിന്റെ രഹസ്യം മനസ്സിലായി. അദ്ദേഹം വേഗം തിരികെച്ചെന്ന് തന്റെ സുഹൃത്തായ മഹാന്‍ പറഞ്ഞത് പോലെ ആ ശൈഖിനോട് ഉണര്‍ത്തി. വ്യാപാരി അങ്ങനെ ചെയ്‍തതോടെ, ആ ശൈഖ് അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
സയ്യിദുനാ ശൈഖ് തിജാനി(റ) ചരിത്രം പറഞ്ഞു തീര്‍ത്തു. എല്ലാ കേട്ട് കഴിഞ്ഞപ്പോള്‍ ത്വരീഖത്ത് സ്വീകരിച്ചതിന് ശേഷം സിയാറതുമായി നടന്ന സയ്യിദീ മുഹമ്മദ് മക്‍നാസി(റ)വിന് തന്റെ യഥാര്‍ത്ഥ പ്രശ്‍നം മനസ്സിലായി. അദ്ദേഹം പറഞ്ഞു : അല്ലയോ സയ്യിദീ, എല്ലാ ഗുണങ്ങളും താങ്കളുടെ കരങ്ങളിലാണ്. അവിടുന്നെന്നോട് വര്‍ത്തിച്ചത് ഇതായിരുന്നുവല്ലേ”.
അപ്പോള്‍ സയ്യിദുനാ ശൈഖ് തിജാനി(റ) പ്രതിപവചിച്ചു : ഐഹികമായ കെട്ടുപാടുകളില്‍ നിന്നും നാം താങ്കളെ മുറിച്ചു മാറ്റി. താങ്കള്‍ അതില്‍ നിന്നെല്ലാം ബന്ധം വിച്ഛേദിക്കുകയും ചെയ്‍തു. എന്നാല്‍ ഇതര മഹാത്മാക്കളുമായുള്ള ബന്ധങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സ്വഭാവം താങ്കളില്‍ അവശേഷിച്ചിരുന്നു. ഇപ്പോള്‍ നീ അതില്‍ നിന്നെല്ലാം സ്വതന്ത്രനായിരിക്കുന്നു. അങ്ങനെ നാം താങ്കളുടെ  മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്‍തു”.
അനന്തരം, സയ്യിദീ മുഹമ്മദ് മിക്‍നാസി(റ) പരിശുദ്ധ തിജാനിയ്യതിലെ സമ്മതം ഒരിക്കല്‍ കൂടി സയ്യിദുനാ ശൈഖ് തിജാനി(റ) പുതുക്കി നല്‍കി.

**********
ഗുണപാഠങ്ങള്‍ :-
ü ഒരു മുറബ്ബിയായ ശൈഖിനെ സ്വീകരിക്കുന്ന മുരീദ് ആ മഹാത്മാവില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും രക്ഷയുടെ വാതില്‍ അവര്‍ മാത്രമാണെന്ന സത്യം അറിയുകയും വേണം.
ü ഔലിയാക്കളില്‍പ്പെട്ട ഇതര മഹാത്മാക്കളെ ഭാഗത്തേക്ക് തിരിയുന്നത് പോലും ശൈഖുമായുള്ള ആത്മീയബന്ധത്തെ നശിപ്പിക്കും.
ü ഇതര ഔലിയാക്കളെ സിയാറത് ചെയ്യുന്നതിലൂടെ ത്വരീഖതില്‍ നിന്ന് പുറത്ത് പോകുന്ന വ്യക്തിക്ക് വീണ്ടും തിരിച്ച് വരിക എന്നത് വളരെ ശ്രമകരവും അസാധ്യവുമാണ്.
ü മറ്റു മഹാത്മാക്കളിലൂടെ തനിക്കൊരിക്കലും രക്ഷ ലഭിക്കില്ലായെന്നും ശൈഖ് മാത്രമാണ് രക്ഷയുടെ വാതായനമെന്നും തിരിച്ചറിഞ്ഞ് കൊണ്ട് പരിപൂര്‍ണ്ണമായ ആത്മാര്‍ത്ഥ കൈവന്നാല്‍ മാത്രമേ ശൈഖ് മുരീദിനെ വീണ്ടും സ്വീകരിക്കാന്‍ സാധ്യതയുളളൂ.
ü ഇങ്ങനെ പശ്ചാത്തപിച്ച് വരുന്ന മുരീദ് ത്വരീഖത്തില്‍ നിന്നും വീണ്ടും പുറത്ത് പോകാതിരിക്കുവാന്‍ വേണ്ടി കടുത്ത സമീപനങ്ങള്‍ ശൈഖിന്റെ ഭാഗത്ത് നിന്നുണ്ടാവുക സ്വാഭാവികമാണ്.
ü മുരീദിന്റെ പശ്ചാത്താപം സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ ഒരിക്കല്‍ കൂടി ത്വരീഖത്തിലേക്കുള്ള സമ്മതം പുതുക്കി ലഭിക്കാന്‍ സാധ്യതയുണ്ട്.

--------------------------------------
 അവലംബം :-
നൂറുസ്സിറാജ് ഷറഹു ഇദ്വാഅതുദ്ദാജ് : അല്ലാമഃ ഖാദ്വി അഹ്‍മദ് സുകൈറിജ്(റ)

No comments:

Post a Comment