ജനനം, ജന്മദേശം - പുകള്‍പെറ്റ ഐനുമാദ്വി


ആഫ്രിക്കയുടെ വടക്കന്‍‌ രാഷ്ട്രങ്ങളിലാകെ പരന്നുകിടക്കുന്ന ലോകത്തെ ഏറ്റവും വലിയ മരുഭൂമിയാണ് സ്വഹാറ. ഇസ്‍ലാമിന്റെ ആദ്യകാലങ്ങളില്‍‌ തന്നെ ഹിദായത്തിന്‍‌റെ വെള്ളിവെളിച്ചം ലഭിച്ച ഭൂപ്രദേശം. കിഴക്ക് ചെങ്കടല്‍‌ മുതല് പടിഞ്ഞാറ് അറ്റ്ലാന്‍‌റിക് മഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ഈ മഹാഭൂമികയില്‍‌ പൂര്‍‌ണ്ണമായും ഇസ്‍ലാമിന്റെ കൊടിക്കീഴിലാണ്. മതപരമായും ആത്മീയമായും ഭൗതികമായും ആയിരക്കണക്കിന് ഉന്നതവ്യക്തിത്വങ്ങളുടെ മാതാവാണെന്നതിനോടൊപ്പം ലോകത്തെ ഏറ്റവും പുരാതനവും മഹത്തായതുമായ സൈതൂനഃ, ഖര്‍വിയ്യൂന്‍, അല്‍ അസ്‍ഹര്‍ എന്നീ മൂന്ന് ഇസ്‍ലാമികസര്‍വ്വകലാശാലകളെയും പരിപാലിക്കുന്നതും സ്വഹാറയാണെന്നും കൂടി മനസ്സിലാക്കുമ്പോള്‍ കൂടുതല്‍ മഹത്വപ്പെടുത്തേണ്ടതില്ലല്ലോ. സ്വഹാറയുടെ ഏറ്റവും പടിഞ്ഞാറ് നിലകൊള്ളുന്ന ചരിത്രപ്രസിദ്ധവും സംസ്‍കാരസമ്പന്നവും വൈജ്ഞാനികമഹത്വവും മേളിച്ച അനുഗ്രഹീതരാജ്യമാണ് അല്‍ മഗ്‍രിബുല്‍ അഖ്‍സ്വാ അഥവാ മൊറോക്കോ. ലോകനേതാവ് അല്ലാഹുവിന്റെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ പേരക്കിടാങ്ങളാണ് ഈ രാജ്യത്തെ ചരിത്രത്തിലുടനീളം ഭരിച്ച് കൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ത്വരീഖതുകള്‍ക്ക് ജന്മം നല്‍കിയ മൊറോക്കോയുടെ കീഴിലുണ്ടായിരുന്ന ഐനുമാദ്വി എന്ന ചെറുഗ്രാമത്തിലായിരുന്നു ഹിജ്റഃ 1150ല്‍ (ഗ്രി.1737) നമ്മുടെ ചരിത്രപുരുഷനായ അല്‍ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദുത്തിജാനി അശ്ശരീഫുല്‍ ഹസനി(റ) ഭൂജാതനാകുന്നത്.

ഐനുമാദ്വി :
നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന മഹത്തായ ഒരു പട്ടണമാണ് ഐനുമാദ്വി. സത്യത്തില്‍ മണലാരുണ്യങ്ങളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഒരു മരുപ്പച്ചയാണിത്. മാദ്വിയുടെ ജലപ്രവാഹം എന്നാണ് 'ഐനുമാദ്വി' എന്ന വാക്കിന്റെ അര്‍ത്ഥം. ഈ മരുപ്പച്ചക്ക് കാരണമായ ഐനു സീദീ മുഈന്‍എന്ന നീര്‍ത്തടാകത്തിലേക്കും ഈ പട്ടണത്തിന്റെ സ്ഥാപകനായ മാദ്വി ബ്‍നു യഖ്റുബിലേക്കും ചേര്‍ത്ത് കൊണ്ടാണ് ഈ പേരുണ്ടായിത്തീര്‍ന്നത്. ഉബൈദിയ്യഃ ഭരണകാലത്ത് അള്‍ജീരിയയുടെ മേല്‍ ആദ്യമായി അറബികള്‍ അധികാരം നേടിയപ്പോള്‍ അവരിലെ നേതാക്കളില്‍പ്പെട്ട ഒരു വ്യക്തിത്വമായിരുന്നു മാദ്വി ബ്‍നു യഖ്‍റുബ്. ഹിജ്റഃ അഞ്ചാം നൂറ്റാണ്ടിലാണ് അദ്ദേഹം ഈ നഗരത്തിന് രൂപരേഖ തയ്യാറാക്കുന്നത്. കാലഘട്ടത്തിന്റെ വിവിധ സന്ദര്‍ഭങ്ങളിലായി ഈ പട്ടണം ജനവാസയോഗ്യമാവുകയും ഇല്ലാതാവുകയും ചെയ്‍തിട്ടുണ്ട്. ഹിജ്റഃ 1204ല്‍ മരണപ്പെട്ട സുല്‍ത്വാന്‍ മൗലായ് മുഹമ്മദ് ബ്‍നു അബ്‍ദില്ലാഹ് എന്നവരുടെ ഭരണകാലത്താണ് ഈ പ്രദേശത്തെ തുര്‍ക്കികള്‍ മൊറോക്കോയില്‍ നിന്നും വേര്‍പ്പെടുത്തിയത്. ഇന്നീ പ്രദേശം അള്‍ജീരിയയിലെ അല്‍ അഗ്‍വാത്വ് സംസ്ഥാനത്തെ പ്രധാനനഗരത്തില്‍ നിന്നും ഏകദേശം 72 കി.മീ അകലെയുള്ള ജബലുല്‍ഉമൂര്‍ പര്‍വ്വതത്തിന്റെ താഴ്‍വരയിലായി സ്ഥിതി ചെയ്യുന്നു.
ബഹുവന്ദ്യരായ ഉസ്‍താദ് ഷരീഫ് മുഹമ്മദ് റാദ്വി കന്നൂന്‍ അല്‍ ഇദ്‍രീസി(റ) രേഖപ്പെടുത്തുന്നു :
അല്‍ അഗ്‍വാത്വ് നഗരത്തില്‍ നിന്നും 72 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഐനുമാദ്വി. അള്‍ജീരിയന്‍ തലസ്ഥാനനഗരിയില്‍ നിന്നും ഏതാണ്ട് 560 കിലോമീറ്റര്‍ അകലെയായും വരും. മൊറോക്കോയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹജ്ജാജിമാരുടെ ഹിജാസിലേക്കുള്ള യാത്രയില്‍ ഫികീക്, ദീരി അബീസംഗൂന്‍, ഗസൂല്‍ എന്നീ പട്ടണങ്ങള്‍ക്ക് ശേഷമായി വരുന്ന നാലാം ഇടത്താവളം കൂടിയാണിത്. ഇക്കാര്യം ശൈഖ് അഹ്‍മദ് നാസ്വിരി അദ്ദര്‍ഈ തന്റെ അര്‍രിഹ്‍ലതുന്നാസ്വിരിയ്യഃ എന്ന യാത്രാവിവരണഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്".
സയ്യിദുനാ ശൈഖ് തിജാനി(റ) ജീവിച്ചതും വളര്‍ന്നതുമായ ഐനുമാദ്വിയല്ല ആധുനികലോകത്ത് അറിയപ്പെടുന്ന ഐനുമാദ്വി. അള്‍ജീരിയയുടെ അല്‍ അഗ്‍വാത്വ് സംസ്ഥാനത്തെ ഒരു മുന്‍സിപ്പാലിറ്റിയായി ഐനുമാദ്വി വളര്‍ന്നിട്ടുണ്ട്. അത്കൊണ്ട് തന്നെ പുരാതന ഐനുമാദ്വിയും നവീന ഐനുമാദ്വിയും തമ്മില്‍ വേര്‍തിരിച്ചറിയണം. ആധുനിക ഐനുമാദ്വിയില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലെയായിട്ടാണ് പുരാതന ഐനുമാദ്വിയുടെ കേന്ദ്രമായ നീര്‍ത്തടാകം സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഐനുമാദ്വിയായിരുന്നു സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ആത്മീയപാദസ്‍പര്‍ശം കൊണ്ടും സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ ജന്മജീവിതഘട്ടങ്ങള്‍ കൊണ്ടും അനുഗ്രീതമായിത്തീര്‍ന്നത്. ഈ നാടിന്റെ മഹത്വത്തിലേക്ക് സൂചിപ്പിക്കുന്നതാണ് സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ ഏറ്റവും പ്രധാന അനുചരരില്‍പ്പെട്ട സയ്യിദീ ദംറാവി(റ)വിനെത്തൊട്ട് ഉദ്ധരിക്കപ്പെട്ട ഈ പ്രസ്‍താവന:
"തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെയും പിന്തുടര്‍ന്ന് കൊണ്ട് സയ്യിദുനാ ശൈഖ് തിജാനി(റ) നടന്ന മുഴുവന്‍ സ്ഥലങ്ങളെയും ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരുകയാണെങ്കില്‍ പ്രാഥമികകൃത്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി മൂന്ന് ദിവസത്തോളം നിങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരുമായിരുന്നു".
ഒരു കൊട്ടാരം കേന്ദ്രമായി നിലകൊള്ളുന്ന വലിയൊരു കോട്ടയാല്‍ ചുറ്റപ്പെട്ട് സംരക്ഷണം നല്‍കപ്പെടുന്ന ചെറുപട്ടണം കൂടിയാണ് സയ്യിദുനാ ശൈഖ് തിജാനി(റ) ജനിച്ച് വളര്‍ന്ന പുരാതന ഐനുമാദ്വി. ഈയൊരു വാസ്‍തുശൈലി മരുപ്രദേശങ്ങളില്‍ വളരെയധികം കാണാവുന്നതാണ്. ഈ കോട്ടയുടെ മതിലുകളില്‍ മൂന്ന് വാതിലുകളാണുള്ളത്. അടിസ്ഥാനപരമായി രണ്ട് പ്രധാന വാതിലുകളും പില്‍ക്കാലത്ത് ചേര്‍ക്കപ്പെട്ട മറ്റൊരു വാതിലും. വന്‍ വാതില്‍, ചെറുവാതില്‍, കിഴക്കന്‍ വാതില്‍ എന്ന പേരുകളില്‍ ആ മൂന്ന് വാതിലുകളും യഥാക്രമം അറിയപ്പെടുന്നു. കോട്ടക്കുള്ളില്‍ നിരവധി വീടുകളും ഏതാനും സാവിയകളും ഒരു മസ്‍ജിദുമാണുള്ളത്. ഇടുങ്ങിയ തെരുവുകളോട് കൂടി വലിയ കല്ലുകളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് അവിടെയുള്ള കെട്ടിടങ്ങളൊക്കെയും. അതോടൊപ്പം വന്‍ വാതിലിനോട് ചേര്‍ന്ന് കോട്ടയുടെ സംരക്ഷകര്‍ക്ക് താമസിക്കേണ്ട നിരവധി താമസമുറികള്‍ വേറെയും. ഈത്തപ്പനകളും വിവിധയിനം വൃക്ഷങ്ങളെയും കൊണ്ട് ഹരിതനിബിഡമായതിനാല്‍ നയനമനോഹരം തന്നെയാണീ പട്ടണം.


ഈ പട്ടണത്തില്‍ മൂന്ന് സാവിയകളാണുള്ളത്. സയ്യിദീ മുഹമ്മദുല്‍ ഹബീബ് തങ്ങളുടെ സാവിയഃ, സയ്യിദീ മുഹമ്മദുല്‍ ബഷീര്‍ തങ്ങളുടെ സാവിയഃ, സയ്യിദീ ബിന്‍ ഉമര്‍ തങ്ങളുടെ സാവിയഃ. ആരാധനാമുറി, ഏകാന്തമുറി, പഠനമുറി, അടുക്കള, വിഭവസൂക്ഷിപ്പ്മുറി എന്നിവ അടങ്ങുന്നതാണ് ഓരോ സാവിയയും.



അടിസ്ഥാനപരമായി, ഒരൊറ്റ മസ്‍ജിദ് മാത്രമാണ് ഐനുമാദ്വിയിലുണ്ടായിരുന്നത് : അല്‍ മസ്‍ജിദ് അല്‍ അതീഖ്. ഈ പള്ളിയിലാണ് സയ്യിദുനാ ശൈഖ് തിജാനി(റ) നിസ്‍കരിച്ചിരുന്നത്. മതപരമായ വിജ്ഞാനങ്ങള്‍ ആദ്യമായി നേടിയതും ഇവിടെ നിന്ന് തന്നെ. ഈ പള്ളിയോടടുത്തായി ഒരു പഠനമുറിയുണ്ട്. അവിടെ വെച്ചാണ് മഹാനവര്‍കള്‍ പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയതും.




പില്‍ക്കാലത്ത് ഐനുമാദ്വിയില്‍ മറ്റൊരു പള്ളിയും കൂടി എടുക്കപ്പെട്ടു. സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ മകനായ സയ്യിദീ മുഹമ്മദുല്‍ ഹബീബ്(റ) നിസ്‍കാരം നിര്‍വ്വഹിച്ചതും അധ്യാപനം നടത്തിയതുമെല്ലാം ഈ പള്ളിയിലാണ്. ബഹുമാനപ്പെട്ടവരുടെ വഫാതിന് മുന്നെ മരണപ്പെട്ട ഇബ്‍നു ഹബ്‍ഷിയ്യഃ എന്ന പേരില്‍ പ്രസിദ്ധനായ സയ്യിദീ അഹ്‍മദുല്‍ മക്കി എന്ന പുത്രന്റെ ഖബര്‍ ഇവിടെയുണ്ട്. പില്‍ക്കാലത്ത് സയ്യിദീ മുഹമ്മദുല്‍ ഹബീബ്(റ) വഫാതായപ്പോള്‍ അവിടുത്തെ വസ്വിയ്യത് പ്രകാരം ഈ പുത്രന്റെ സമീപത്ത് തന്നെ മഹാനോരെയും ഖബറടക്കപ്പെട്ടു. ഇതൊക്കെ കൊണ്ടാണ് ഈ പള്ളിക്ക് സാവിയഃ മുഹമ്മദുല്‍ ഹബീബ് എന്ന് പേര് വരാന്‍ കാരണം. ഇത് കൂടാതെ മഹാനവര്‍കളുടെ മറ്റൊരു മകനും അല്‍ ഖലീഫതുല്‍ ആം പദവി അലങ്കരിച്ചിരുന്നവരുമായ സയ്യിദീ മുഹമ്മദുല്‍ ബഷീര്‍(റ)വിന്റെയും മറ്റുള്ള ഖലീഫമാരായ ഷരീഫുമാരുടെയും ഖബറുകളും ഇവിടെ കാണാം.
സയ്യിദീ മുഹമ്മദുല്‍ ബഷീര്‍(റ) അവിടുത്തെ പിതാവായ സയ്യിദീ മുഹമ്മദുല്‍ ഹബീബ്(റ)വിന്റെ സാവിയയുടെ അഭിമുഖമായി മറ്റൊരു സാവിയ പണികഴിപ്പിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ നാല്‍പ്പതിനായിരം സ്വലാതുല്‍ ഫാതിഹ് മഹാനവര്‍കള്‍ ഇവിടെ വെച്ച് ഓതിയിരുന്നു. തന്റെ പുത്രന്‍ സയ്യിദീ മഹ്‍മൂദ്(റ) ഈ സാവിയയിലായിരുന്നു താമസിച്ചിരുന്നത്. ഒരൊറ്റ വഖ്‍ത് ജമാഅത് നിസ്‍കാരം പോലും തീരെത്തന്നെ ഈ മഹാത്മാവ് മുടക്കിയിട്ടില്ല.
സയ്യിദീ മുഹമ്മദുല്‍ ഹബീബ്(റ)വിന്റെ സാവിയയുടെ ഒരു ഭാഗത്ത് സുപ്രസിദ്ധ തിജാനിയ്യഃ ഷരീഫും വലിയ പ്രബോധകനുമായ സയ്യിദീ ബിന്‍ ഉമര്‍(റ) പുതിയൊരു സാവിയഃ പണികഴിപ്പിക്കുകയുണ്ടായി. തന്റെ പ്രബോധനം കാരണമായി അഫ്രിക്കയില്‍ നിന്നും ഇസ്‍ലാമിലേക്ക് കടന്നുവന്നവര്‍ക്ക് മഹാനവര്‍കള്‍ പ്രത്യേക സാക്ഷിപത്രം നല്‍കിയിരുന്നു. അവരുടെ വ്യക്തിപരമായ വിവരങ്ങളും മഹാന്‍ സൂക്ഷിച്ചിരുന്നു. ഇങ്ങനെ വ്യത്യസ്ഥ നാടുകളിലും രാജ്യങ്ങളിലുമുള്ള ആയിരക്കണക്കിന് സാക്ഷിപത്രങ്ങളും വ്യക്തിവിവരങ്ങളും സൂക്ഷിക്കപ്പെടാനും കൂടിയായിരുന്നു ഈ സാവിയഃ.
ഇതിനെല്ലാം പുറമെ ചരിത്രപ്രസിദ്ധമായ നിരവധി സ്ഥലങ്ങളും അനവധി മഹാരഥന്മാരുടെ മഖ്ബറകളും കൊണ്ട് അനുഗ്രഹീതമാണ് ഐനുമാദ്വി.
  • സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ ഗേഹം
  • സയ്യിദുനാ ശൈഖ് തിജാനി(റ) ആദ്യമായി തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ ഉണര്‍വ്വില്‍ കണ്ട സ്ഥലം
  • സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ ഏറ്റവും അടുത്ത ശിഷ്യഗണങ്ങളില്‍പ്പെട്ടവരും നിരവധി കറമാതിന് ഉടമയും അല്‍ വാസിത്വതുല്‍ ഉള്മാ എന്ന നാമധേയത്തില്‍ അറിയപ്പെട്ടവരുമായ സയ്യിദീ മുഹമ്മദ് ബ്‍നു അറബി അദ്ദംറാവി(റ)വിന്റെ മഖ്ബറഃ
  • സയ്യിദുനാ ശൈഖി തിജാനി(റ)വിന്റെ ഏറ്റവും അടുത്ത ശിഷ്യഗണങ്ങളില്‍പ്പെട്ടവരും അല്‍ ജാമിഅ്, റൗദ്വുല്‍ മുഹിബ്ബില്‍ ഫാനി തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവുമായ മഹാവലിയ്യ് സയ്യിദീ ഷരീഫ് മുഹമ്മദ് ബ്‍നുല്‍ മഷ്‍രി(റ)വിന്റെ മഖ്ബറഃ
  • സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മഖ്ബറകള്‍
  • സയ്യിദുനാ ശൈഖ് തിജാനി(റ) ഫാസിലേക്ക് താമസം മാറ്റുന്നുവെന്ന് അറിഞ്ഞപ്പോള്‍ കൂടെപ്പോരുവാന്‍ നിന്ന് നാട്ടുകാര്‍ക്ക് സലാം പറഞ്ഞാല്‍ നേരിട്ട് എത്തുവാനായി നിര്‍ണ്ണയിച്ച് കൊടുത്ത സ്ഥലം.
കാലാകാലങ്ങളായി അഹ്‍ലുസ്സുന്നതി വല്‍ ജമാഅതിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിലകൊള്ളുന്ന, വൈജ്ഞാനികമായും സദ്‍വൃത്തിയാലും സമ്പന്നമായ ഒരു അനുഗ്രഹീത നാട് കൂടിയാണ് ഐനുമാദ്വി. പുരാതന കാലം മുതല്‍ ഇന്നോളം ഈ നില തുടര്‍ന്ന് പോരുന്നു, അല്‍ഹംദുലില്ലാഹ്. അല്‍ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദുത്തിജാനി(റ) ജന്മം കൊള്ളുന്നതിനും മുന്നെ ഈ നാട് സന്ദര്‍ശിച്ച യാത്രാവിവരണങ്ങളില്‍ ശ്രദ്ധേയരായ നിരവധി പണ്ഡിതന്മാര്‍ ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ട്. ശൈഖ് അഹ്‍മദ് ബ്‍നു നാസ്വര്‍ അദ്ദര്‍ഈ(റ), അല്ലാമഃ മുറാദി(റ) തുടങ്ങിയവരൊക്കെ ഉദാഹരണം. വിശ്വവിഖ്യാതപണ്ഡിതനും ഗ്രന്ഥക്കാരനും യാത്രവിവരണത്തില്‍ സുപ്രസിദ്ധനമായ ഇമാം അബൂ അബ്‍ദുല്ലാഹ് അല്‍ അയ്യാഷി(റ) സിജില്‍മാസഃ പണ്ഡിതന്മാരില്‍പ്പെട്ട ഒരു സഹോദരനോട് നല്‍കിയ ഉപദേശത്തില്‍ ഐനുമാദ്വിയെക്കുറിച്ച് വാചാലമാകുന്നത് ബുഖാരിത്ത്വരീഖ് സയ്യിദീ മുഹമ്മദുല്‍ അറബിയ്യ് ബ്‍നുസ്സാഇഹ്(റ) ബുഗ്‍യയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ആ വചനങ്ങളിങ്ങനെ വായിക്കാം :
"ഐനുമാദ്വിയില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ആ നാട്ടുകാരോട് വൈജ്ഞാനികവിഷയങ്ങളില്‍ മൊത്തത്തിലും ഭാഗികമായും ചര്‍ച്ച ചെയ്യുവാനായി നിന്റെ ചിന്താശക്തിയെ മൂര്‍ച്ചയാക്കിവെക്കുക. ബൗദ്ധികവും പ്രാമാണികവുമായ പ്രശ്‍നങ്ങളില്‍ അവര്‍ നിന്റെ മേല്‍ ചൊരിഞ്ഞ് തരുന്ന ഉത്തരങ്ങള്‍ക്കായി തയ്യാറായിരുന്നു കൊള്ളുക”.
മൊത്തത്തില്‍ ഐനുമാദ്വി എന്ന നാട് അല്‍ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദുത്തിജാനി(റ)വിന്റെ സാന്നിധ്യം കൊണ്ട് പവിത്രവും പരിപാവനവും അനുഗ്രഹീതവുമാണ്. മഹാനവര്‍കളെ സ്‍നേഹിക്കുന്നവരുടെ കണ്ണുകളെ കുളിര്‍മ്മയണിയിക്കാനും അവിടുത്തെ അനുഗ്രഹം കരസ്ഥമാക്കാനും ഉപകരിക്കുന്ന നിരവധി ചരിത്രപ്രധാനമേഖലകള്‍ കൊണ്ട് സമ്പന്നമാണ് ഈ സ്വഹാറയിലെ മരുപ്പച്ച. അല്ലാഹു ജല്ലജലാലുഹു അതിന്റെ മഹത്വത്തെ ഖിയാമത് നാളോളം നിലനിര്‍ത്തുകയും അവിടം സന്ദര്‍ശിക്കുവാന്‍ നമുക്കൊക്കെയും തൗഫീഖ് നല്‍കുകയും ചെയ്യുമാറാകട്ടെ, ആമീന്‍.

No comments:

Post a Comment