ദുആസ്വീകാര്യതയുടെ വേഗത
അഹ്‍ലാഫ്
ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട വലിയൊരു വിഭാഗം ജനങ്ങളെ അവരുടെ എന്തോ ചില ചെയ്‍തികള്‍ കാരണം
നീണ്ടകാലം അന്നത്തെ ഭരണാധികാരിയായ അമീര്‍ ജയലിലടച്ചു. അവരെ വിട്ടയക്കുവാന്‍ ഒരു നിലക്കും
ആ ഭരണാധികാരി തയ്യാറായില്ല. അങ്ങനെയിരിക്കവെ, സയ്യിദുനാ ശൈഖ് തിജാനി(റ)വിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അഹ്‍ലാഫ്
ഖബീലക്കാരുടെ ചെവികളിലുമെത്തി. മഹാനവര്‍കളോട് ഭരണാധികാരിക്ക് വലിയ സ്‍നേഹമുണ്ടായിരുന്നുവെന്ന
കാര്യവും അവര്‍ കേട്ടറിഞ്ഞു. തങ്ങളെ സഹായിക്കുവാന്‍ സയ്യിദുനാ ശൈഖ് തിജാനി(റ)വിന് സാധിക്കുമെന്ന്
മനസ്സിലാക്കി അവരുടെ കൂട്ടത്തിലെ ഒരു വിഭാഗം ജനങ്ങള്‍ മഹാനവര്‍കളുടെ സമക്ഷത്തിലേക്ക്
യാത്രയാവുകയും അവിടുത്തെ ഗേഹത്തിനരികെ തമ്പടിക്കുകയും ചെയ്‍തു.
അക്കാലത്തെ
ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ ഒരു പതിവുണ്ടായിരുന്നു. വല്ല അക്രമത്തിനോ അനീതിക്കോ ഇരയായവര്‍
തങ്ങള്‍ക്ക് ശത്രുക്കളില്‍ നിന്നും അഭയമോ വല്ല അത്യാവശ്യകാര്യമോ നേടാനുണ്ടെങ്കില്‍
തങ്ങളുടെ കാളകളുടെ കുതിഞരമ്പിനെ മുറിക്കും. ഉപ്പുറ്റിയുടെ മുകളില്‍ കണങ്കാലിന്‍റെ പിന്‍ഭാഗത്തുള്ള
ഒരു ഞരമ്പാണത്. അപ്പോള്‍ ആ പാവം ജീവികള്‍ വേദനയാല്‍ അതിശക്തമായി കരയുകയും ചെയ്യും.
സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ വീടിന്റെ സമീപത്ത് തമ്പടിച്ച കൂട്ടക്കാരും ഇത് തന്നെ
ചെയ്‍തു. രണ്ട് കാളക്കൂറ്റന്മാരുടെ കുതിഞരമ്പിനെയാണ് അവര്‍ മുറിച്ച് മാറ്റിയത്. മിണ്ടാപ്രാണികളുടെ
കരച്ചില്‍ കേട്ട് സയ്യിദുനാ ശൈഖ് തിജാനി(റ) അവരെ കാണുവാനായി വീട്ടില്‍ നിന്നും പുറപ്പെട്ടു.
അഹ്‍ലാഫുകാരായ ആ ജനങ്ങള്‍ കാളക്കൂറ്റന്മാരോട് ചെയ്‍ത ആ ക്രൂരകൃത്യം കണ്ട് മഹാനവര്‍കള്‍ക്ക്
ആകെ ദുഃഖപരവശരായി. ശൈഖവര്‍കള്‍ ചോദിച്ചു : "സ്വന്തം
മൃഗങ്ങളെ ശിക്ഷിക്കുന്ന ഈ നിചകൃത്യത്തിലേക്ക് നയിക്കാന്‍ മാത്രം എന്താണ് നിങ്ങള്‍ക്കുണ്ടായത്?
അതോടെ
ആ ജനങ്ങള്‍ തങ്ങളുടെ ഒഴിവുകഴിവുകള്‍ സയ്യിദുനാ ശൈഖ്(റ)വിന്റെ മുന്നില്‍ അവതരിപ്പിച്ച്
കൊണ്ട് പറഞ്ഞു : "അവിടുത്തെ ഉന്നതസ്ഥാനത്തെ ബഹുമാനിക്കണമെന്നല്ലാതെ മറ്റൊന്നും
ഞങ്ങള്‍ കരുതിയിട്ടില്ല. ഭരണാധികാരിയുടെ അടുത്തേക്ക് ഞങ്ങളുടെ കൈയും പിടിച്ച് കൊണ്ട്
പോകാതെ ഞങ്ങളെ ആട്ടിയകറ്റുമെന്ന് ഞങ്ങള്‍ ഭയന്നു. കാരണം,
ഈ നീണ്ടകാലയളവില്‍ ജയില്‍വാസം അനുഭവിക്കാന്‍ മാത്രമുള്ള യാതൊരു
കുറ്റവും തെളിയാക്കാതെയാണ് ഞങ്ങളുടെ വലിയൊരു കൂട്ടത്തെ അമീര്‍ തടവിലാക്കിയിരിക്കുന്നത്.
ആയതിനാല്‍, അവരുടെ
കാര്യത്തില്‍ അമീറിനോട് ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാന്‍ അല്ലാഹുവിനോടും പിന്നെ
അവിടുത്തോടും ഞങ്ങള്‍ കേഴുകയാണ്. ഒരുപക്ഷെ, താങ്കളുടെ കരങ്ങളിലൂടെ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് വല്ല ഗുണകരമായ
കാര്യമോ തുറവടിപ്പാടോ എത്തിച്ചേക്കാം".
തുടര്‍ന്ന്
ആ സമൂഹം സയ്യിദുനാ ശൈഖ്(റ)വിനെ മുന്നില്‍ വെച്ച് മഹാനവര്‍കളുടെ മുഖസ്‍തുതി പറയാന്‍
തുടങ്ങി. സൃഷ്‍ടികളുടെ മുഖസ്‍തുതി തൃപ്‍തിപ്പെടാത്ത അത്യുന്നതമായ മാനസികാവസ്ഥ ശൈഖവര്‍കള്‍ക്ക്
അല്ലാഹു ഉടമപ്പെടുത്തിക്കൊടുത്തതിനാല്‍ ആ ജനങ്ങളോട് ഒഴിവുകഴിവ് ബോധിപ്പിച്ച് കൊണ്ട്
അവിടുന്ന് പറഞ്ഞു : "എന്നെക്കുറിച്ച് പറയാനാണെങ്കില്‍, നിങ്ങള്‍
എന്നില്‍ നിന്നും ഖൈറായ ഒരു ദുആയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി
ദുആ ചെയ്യാം. എന്നാല്‍ ഭരണാധികാരിയുടെയോ മറ്റാരുടെയെങ്കിലുമോ അടുക്കല്‍ നിങ്ങള്‍ക്ക്
വേണ്ടി ഇടനിലക്കാരനായി ഞാന്‍ നില്‍ക്കുകയാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ എന്റെ പക്കല്‍
അതിന് മാത്രം ഒന്നും തന്നെയില്ല".
അന്നേരം,
അവരില്‍ ഏറ്റവും ഉന്നതസ്ഥാനവും വലിയ ബുദ്ധിയുമുള്ള ഒരു വ്യക്തി
സയ്യിദുനാ ശൈഖ്(റ)വിനോട് പറഞ്ഞു :
"യാ സയ്യിദീ, അങ്ങയില്‍ നിന്നും ഗുണകരമായ ദുആയാണ് ഞങ്ങളുടെ ഉദ്ദേശ്യം".
അപ്പോള്‍
സയ്യിദുനാ ശൈഖ്(റ) ഇങ്ങനെ ദുആ ചെയ്‍തു : "അല്ലാഹു
നിങ്ങളുടെ സകല ആവശ്യങ്ങളും ഏറ്റവും അടുത്ത് തന്നെ നിറവേറ്റിത്തരുമാറാകട്ടെ"
തുടര്‍ന്ന്
സയ്യിദുനാ ശൈഖ്(റ) അവരോട് അമീറിന്റെ കൊട്ടാരത്തിലേക്ക് പോകാനും അവിടെച്ചെന്ന് അവരുടെ
ആവശ്യം പറയാനും അങ്ങനെ ചെയ്‍താല്‍ അല്ലാഹു അവരുടെ പ്രശ്‍നത്തില്‍ നിന്നും രക്ഷപ്പെടുത്തുമെന്നും
സൂചിപ്പിച്ചു. അങ്ങനെ അവര്‍ മഹാനവര്‍കള്‍ സൂചിപ്പിച്ചത് പ്രകാരം പ്രവര്‍ത്തിച്ചു. നേതൃപാളയത്തില്‍
പോയി തങ്ങളുടെ പ്രശ്‍നത്തെക്കുറിച്ച് സംസാരിച്ചു. അത്ഭുതമെന്ന് പറയട്ടെ,
അവര്‍ പോവുകയും ബന്ധുജനങ്ങളുടെ ജയില്‍വാസത്തെക്കുറിച്ച് സംസാരിക്കുകയും
ചെയ്യേണ്ട ആവശ്യമേ വന്നുള്ളൂ. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ അവരെയൊക്കെയും മോചിപ്പിക്കാനുള്ള
കല്‍പന അപ്പോള്‍ത്തന്നെ പുറപ്പെടുവിക്കപ്പെട്ടു. ഇതൊക്കെയും സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ
അനുഗ്രഹത്താലായിരുന്നു. കാരണം, മുമ്പും തങ്ങളുടെ ബന്ധുജനങ്ങളെ വിട്ടുകിട്ടാന്‍ അവര്‍ ശ്രമങ്ങള്‍
നടത്തിയിട്ടുണ്ടായിരുന്നു. പക്ഷെ, ഇപ്രാവശ്യം അമീറിന്റെ കൊട്ടാരത്തില്‍ നിന്നും തടവിലാക്കപ്പെട്ടവരെ
മോചിപ്പിച്ചതിന് ശേഷം മാത്രമാണ് അവര്‍ക്ക് തിരിച്ച് പോകാനായത്.
മോചിപ്പിച്ച
തങ്ങളുടെ സഹോദരങ്ങളെയും കൂട്ടി അവര്‍ ആദ്യം ചെന്നത് സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ
സവിധത്തിലായിരുന്നു. താമസിയാതെ അവരെല്ലാവരും പരിശുദ്ധ തിജാനിയ്യഃ ത്വരീഖത് സ്വീകരിച്ച്
കൊണ്ട് ഏറ്റവും നല്ല അവസ്ഥയിലായി നാട്ടിലേക്ക് മടങ്ങുകയും ചെയ്‍തു.
**********
ഗുണപാഠങ്ങള്‍
:-
Ø സഹജീവികളോട് അങ്ങേയറ്റം
കാരുണ്യം കാട്ടിയിരുന്നവരായിരുന്നു സയ്യിദുനാ ശൈഖ് തിജാനി(റ)
Ø തന്നെ ആശ്രയിച്ച് വരുന്നവരെ
അവിടുന്ന് വേഗം പരിഗണിക്കുമായിരുന്നു.
Ø മുഖസ്‍തുതി തീരെ ഇഷ്‍ടപ്പെട്ടിരുന്നില്ല.
Ø ഐഹികമായ ആവശ്യങ്ങള്‍ക്ക്
വേണ്ടി ഭരണാധികാരികളെ സമീപിക്കുവാന്‍ അവിടുന്ന് താത്പര്യപ്പെട്ടിരുന്നില്ല.
Ø സ്വന്തമായി യാതൊന്നുമില്ലായെന്നും
അല്ലാഹുവിന്റെ ഔദാര്യത്തെ തേടുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നുമായിരുന്നു അവിടുന്ന്
സ്വയം പരിചയപ്പെടുത്താറ്.
Ø അവിടുത്തെ ദുആ തത്ക്ഷണം
അല്ലാഹു സ്വീകരിക്കുമായിരുന്നു.
----------------------------
അവലംബം
:-

No comments:
Post a Comment